19 October, 2021 08:01:03 PM
എല്ലാവർക്കും വഴിയിൽ കൊട്ടാനുള്ള ചെണ്ടയല്ല കോൺഗ്രസ് - വി.ഡി.സതീശൻ

കണ്ണൂർ: കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരമെങ്കിലും കോൺഗ്രസ് പാർട്ടിക്ക് വിട്ടുതരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെപിസിസി ജനറൽ സെക്രട്ടറിമാരുടെ ലിസ്റ്റ് ഇന്നദിവസം പ്രസിദ്ധീകരിക്കുമെന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് വഴിയിൽ കൊട്ടാനുള്ള ചെണ്ടയല്ല. തങ്ങളുടെ ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവസരം തങ്ങൾക്ക് വിട്ടേക്കൂ. പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിന്റെ വിവരം മാധ്യമങ്ങൾക്ക് നൽകുമെന്നും സതീശൻ പറഞ്ഞു.
ഡിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോൾ സോഷ്യൽ ബാലൻസ് ഇല്ലെന്നായിരുന്നു ചില മാധ്യമങ്ങളുടെ പ്രചരണം. എന്നാൽ സിപിഎമ്മിന്റെ 14 ജില്ലാ സെക്രട്ടറിമാരെ പ്രഖ്യാപിച്ചപ്പോൾ അതിൽ സോഷ്യൽ ബാലൻസ് ഇല്ലായെന്ന് പറയാനുള്ള ധൈര്യം മാധ്യമങ്ങൾക്ക് ഉണ്ടോയെന്ന് സതീശൻ ചോദിച്ചു. പാർട്ടിയിലുള്ള ചില നേതാക്കൾ രാജിവയ്ക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പടച്ചുവിട്ട് വ്യക്തിപരമായി കോൺഗ്രസ് നേതാക്കളെ അപമാനിക്കുന്നത് ശരിയല്ല. ദയവു ചെയ്ത് ഇത്തരത്തിൽ പാർട്ടി നേതാക്കളെ ഉപദ്രവിക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.