19 October, 2021 07:34:10 PM
'ഹിന്ദി പഠിക്കൂ, എന്നിട്ട് റീഫണ്ട് ചെയ്യാം'; കസ്റ്റമറെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് സൊമാറ്റോ
ചെന്നൈ: പരാതിയുമായെത്തിയ തമിഴ് ഉപഭോക്താവിനെ ഹിന്ദി അറിയില്ലെന്ന പേരിൽ കസ്റ്റമര്‍ കെയര്‍ ഏജന്റ് അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റൊ. തമിഴിലും ഇംഗ്ലീഷിലും വിശദീകരണക്കുറിപ്പിറക്കിയാണ് സമൂഹമാധ്യമങ്ങളിൽ ആളിക്കത്തുന്ന പ്രതിഷേധം അണയ്ക്കാൻ കമ്പനിയുടെ നീക്കം. പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കുകയും ചെയ്തു.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണ ഇനങ്ങളില്‍ ഒരെണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് അതിന്റെ പണം റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് സ്വദേശി വികാസിനാണ് ദുരനുഭവം ഉണ്ടായത്. സൊമാറ്റോയിൽ ഭക്ഷണം ഓർഡർ ചെയ്യുകയും ഒരു ഇനം നഷ്ടപ്പെടുകയും ചെയ്തു. എനിക്ക് ഹിന്ദി അറിയാത്തതിനാൽ തുക തിരികെ നൽകാനാവില്ലെന്ന് കസ്റ്റമർ കെയർ പറയുന്നു. ഒരു ഇന്ത്യക്കാരനായ എനിക്ക് ഹിന്ദി അറിയണം എന്ന പാഠവും ഉൾക്കൊള്ളുന്നു. അയാൾക്ക് തമിഴ് അറിയാത്തതിനാൽ എന്നെ ഒരു നുണയനാണെന്ന് മുദ്രകുത്തുകയും ചെയ്തു. -വികാസ് ട്വീറ്റ് ചെയ്തു.
ഈ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വികാസ് ട്വിറ്ററിൽ പങ്കിട്ടതോടെ സൊമാറ്റോയ്ക്കെതിരേ പ്രതിഷേധം ശക്തമായി. #RejectZomato എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി. ഇതോടെ സൊമാറ്റൊ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. "വണക്കം വികാസ്. ഞങ്ങളുടെ കസ്റ്റമര്‍ കെയര്‍ ഏജന്റിന്റെ മോശം പെരുമാറ്റത്തില്‍ ഞങ്ങള്‍ മാപ്പ് പറയുന്നു. അടുത്ത തവണ മികച്ച രീതിയില്‍ ഭക്ഷണമെത്തിക്കാനുള്ള അവസരം നിങ്ങള്‍ തരുമെന്ന് കരുതുന്നു. നിങ്ങള്‍ സൊമാറ്റോയെ ബഹിഷ്കരിക്കരുത്'-സെമാറ്റോ ട്വീറ്റില്‍ പറയുന്നു.
വൈവിധ്യമാർന്ന സംസ്കാരത്തോടുള്ള അവഗണന കാരണം ഞങ്ങളുടെ ഏജന്റിനെ പിരിച്ചുവിട്ടു എന്നും സൊമാറ്റോ അറിയിച്ചു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം ജീവനക്കാരിയെ തിരിച്ചെടുക്കുകയാണെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ കസ്റ്റമർ കെയർ ജീവനക്കാർ ഭാഷയിൽ പ്രാവീണ്യരല്ലെന്നും, ഭാഷാ പരമായ വികാരങ്ങൾ ഇല്ലെന്നുമായിരുന്നു ഇതിന് നൽകിയ വിശദീകരണം.
ചിക്കന്‍ റൈസും പെപ്പര്‍ ചിക്കനും ആണ് വികാസ് ഓർഡർ ചെയ്തത്. എന്നാൽ ചിക്കൻ റൈസ് മാത്രമാണ് ലഭിച്ചത്. പെപ്പര്‍ ചിക്കന്റെ പണം റീഫണ്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലുകാരെ വിളിച്ചെങ്കിലും സൊമാറ്റോയിൽ പരാതി കൊടുക്കാനായിരുന്നു മറുപടി. സൊമാറ്റോ കസ്റ്റമർ ഏജന്റ് ഹോട്ടലുകാരെ വിളിച്ചെങ്കിലും തമിഴ് ഭാഷ അറിയാത്തതിനാൽ പറഞ്ഞത് മനസിലായില്ല.
ഇക്കാര്യം വികാസിനെ അറിയിച്ചപ്പോൾ തമിഴ്നാട്ടിൽ ജോലി ചെയ്യാൻ തമിഴ് ഭാഷ അറിയുന്നവരെ നിയോഗിക്കാനായിരുന്നു മറുപടി. ഇതോടെയാണ് രാഷ്ട്രഭാഷ ആയ ഹിന്ദി അല്പമെങ്കിലും അറിഞ്ഞിരിക്കണമെന്ന് വികാസിനോട് ജീവനക്കാരി പറഞ്ഞത്.