19 October, 2021 12:26:23 AM
മൂന്നു ഡാമുകൾ ഇന്ന് തുറക്കും; ഷട്ടറുകൾ ഒരുമിച്ച് തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മൂന്ന് അണക്കെട്ടുകൾ തുറക്കുമെങ്കിലും അണക്കെട്ടുകളുടെ ഷട്ടറുകൾ ഒരുമിച്ച് തുറക്കില്ല. ഇടുക്കി ഡാമിന്റെ മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുക. പിന്നീട് ഇരുവശങ്ങളിലേയും ഷട്ടറുകളും തുറക്കും. ഇടുക്കിയിൽ ചുരുങ്ങിയത് അരമണിക്കൂർ ഇടവിട്ട് മൂന്നു ഷട്ടറുകളും ഇടമലയാറിലും പമ്പയിലും ഇതേ സമയക്രമത്തിൽ രണ്ടും ഷട്ടറുകൾ വീതവും തുറക്കും.
ഇടുക്കി ഡാമിന്റെ ഷട്ടര് ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ ആറിനും തുറക്കും. പമ്പാ ഡാം രാവിലെ അഞ്ചിന് തുറക്കും. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്ക്കാര് നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരമാണ് മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുന്നത്. അധികൃതര് നല്കുന്ന നിര്ദേശങ്ങള് അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയാറാവണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിലാണ് അണക്കെട്ടുകൾ തുറന്ന് നിയന്ത്രിത അളവിൽ ജലം ഒഴുക്കികളയുന്നത്. ഇതുവഴി വരും ദിവസങ്ങളിൽ മഴ കനത്താൽ കൂടുതൽ ജലം അണക്കെട്ടുകൾക്ക് ഉൾക്കൊള്ളാനാകും. കെഎസ്ഇബിയുടെ കീഴിലുള്ള ഡാമുകളിൽ തിങ്കളാഴ്ച രാത്രി ഏഴ് വരെയുള്ള കണക്കനുസരിച്ച് ആകെ സംഭരണ ശേഷിയുടെ 91.5 ശതമാനം ജലമാണുള്ളത്.