19 October, 2021 12:11:50 AM
പ്ലാപ്പള്ളിയിൽ ഒരാളുടെ കൂടി മൃതദേഹാവശിഷ്ടം കണ്ടെത്തി; ഡിഎൻഎ പരിശോധന നടത്തും
കോട്ടയം: കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരാൾ കൂടി മരിച്ചെന്ന് സംശയം. ഒരാളുടെ കൂടി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്ലാപ്പള്ളി താളുങ്കൽ എന്ന സ്ഥലത്ത് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ട് കാലുകൾ ഒഴികെയുള്ള ശരീര ഭാഗങ്ങൾ കണ്ടെടുത്തത്. ലഭിച്ച മൃതദേഹ ഭാഗങ്ങൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ മരിച്ച എട്ടു വയസുകാരൻ അലന്റെ മൃതദേഹത്തിനൊപ്പമുള്ള കാല് മുതിർന്ന പുരുഷന്റേത് ആണെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഈ സാഹചര്യത്തിലാണ് ഒരാൾ കൂടി ഈ ഭാഗത്ത് മണ്ണിനടിയിൽപ്പെട്ടതായ സംശയം ഉയർന്നത്. തുടർന്നു നാട്ടുകാർ തെരച്ചിൽ തുടരുകയായിരുന്നു.
അലൻ ഒഴുക്കിൽപ്പെട്ടതിന്റെ രണ്ടു കിലോമീറ്റർ അകലെനിന്നാണ് ഇന്ന് മൃതദേഹഭാഗങ്ങൾ കണ്ടെടുത്തത്. ഇന്ന് കണ്ടെത്തിയത് അലന്റെ ശരീരഭാഗങ്ങളിൽ കണ്ടെത്താത്ത ഭാഗങ്ങൾ ആകാനും സാധ്യതയുണ്ടെന്നു കാഞ്ഞിരപ്പള്ളി തഹസിൽദാർ പ്രതികരിച്ചു. മൃതദേഹം ജീർണിച്ച അവസ്ഥയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ശരീര ഭാഗങ്ങൾ ആരുടേതെന്ന് കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തും.
കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടലിൽ നാല് പേരാണ് മരിച്ചതെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണിയ (45), മകൻ അലൻ (എട്ട്), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (42) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പ്ലാപ്പള്ളിയിൽ മരിച്ച പലരുടെയും മൃതദേഹങ്ങൾ ഛിന്നഭിന്നമായ നിലയിലായിരുന്നു. പ്ലാപ്പള്ളിയിൽ നിലവിൽ ലിസ്റ്റിൽ ഇല്ലാത്ത മറ്റാരെങ്കിലും അപകടത്തിൽപ്പെട്ടോ എന്നാണ് സംശയം