14 October, 2021 02:14:40 PM
നിയമസഭയിലെ കൈയാങ്കളി കേസ് ; മന്ത്രി ശിവൻകുട്ടി വിചാരണ നേരിടണം
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ആറു പ്രതികൾ വിചാരണ നേരിടണം. പ്രതികൾ നടത്തിയതു ഗൗരവമുള്ള കുറ്റമാണെന്ന നിരീക്ഷണത്തോടെ ഇവർ സമർപ്പിച്ച വിടുതൽ ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് തള്ളി. അടുത്ത മാസം 22നു പ്രതികൾ നേരിട്ടു ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
വി. ശിവൻകുട്ടിയെക്കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. നിയമസഭയിൽ തങ്ങൾ നടത്തിയതു പ്രതിഷേധമാണെന്ന വാദമാണു കോടതി തള്ളിയത്. നിയമസഭാ സാമാജികർക്കുള്ള അവകാശങ്ങൾ അവരവരുടെ മണ്ഡലങ്ങളിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്താൻവേണ്ടിയാണ്. പൊതുജനങ്ങൾക്കുവേണ്ടിയുള്ള പ്രതിഷേധമല്ല സഭയിൽ നടന്നത്.
സംഭവങ്ങളുടെ രംഗങ്ങൾ ദൃശ്യ മാധ്യമങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുകയും പൊതുജനങ്ങൾ കാണുകയും ചെയ്തതാണ്. ഈ സാഹചര്യത്തിൽ പ്രതികൾക്കു വിടുതൽ അനുവദിച്ചാൽ അതു പൊതുസമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശം ആകുമെന്നും കോടതി നിരീക്ഷിച്ചു.
എംഎൽഎമാർ നിയമസഭയിൽ അക്രമം നടത്തിയാൽ പോലീസിൽ പരാതി നൽകേണ്ടതു നിയമസഭാ അധികാരിയാണ്. എന്നാൽ, ഇവിടെ അത്തരം സാഹചര്യമില്ല. പല സാക്ഷികളുടെയും മൊഴികൾ അന്വേഷണസംഘം ശേഖരിച്ചതു നിയമസഭയിലെ രംഗങ്ങൾ ചിത്രീകരിച്ച ഡിവിഡി ഉപയോഗിച്ചാണ്. അന്വേഷണസംഘം സമർപ്പിച്ച രേഖകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരേ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ പ്രതികൾക്കു വിചാരണ നേരിട്ട് അവരുടെ കുറ്റങ്ങൾ നിഷേധിക്കാമെന്നു കോടതി പറഞ്ഞു. പ്രതികൾ ഹാജരാകേണ്ട അടുത്ത മാസം 22ന് കുറ്റപത്രം വായിക്കുമെന്നും കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആർ. രേഖയുടെതാണ് ഉത്തരവ്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. വാച്ച് ആൻഡ് വാർഡ് വേഷത്തിൽ എത്തിയ പോലീസുകാരാണ് ആക്രമണം നടത്തിയതെന്നും തങ്ങൾ അതു പ്രതിരോധിക്കാൻ ശ്രമിക്കുക മാത്രമാണു ചെയ്തതെന്നുമായിരുന്നു വിടുതൽ ഹർജിയിൽ പ്രതികൾ വാദിച്ചത്.