13 October, 2021 08:28:45 AM
പൊതുയിടങ്ങളിൽ മുക്കിലും മൂലയിലും കൊടിമരങ്ങൾ: സ്ഥാപിച്ചത് ആരുടെ അനുമതിയോടെ? - ഹൈകോടതി
കൊച്ചി: കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളിൽ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി. മന്നം ആയുർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടി കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു മന്നം ഷുഗർ മിൽസ് നൽകിയ ഹർജിയിലാണു കോടതി നിർദേശം. ഹർജിയിലെ കാര്യം മാത്രമല്ല, വലിയ വ്യാപ്തിയുള്ള വിഷയമാണിതെന്നു കോടതി പറഞ്ഞു. സംസ്ഥാന തലത്തിൽ തന്നെ ഇക്കാര്യത്തിൽ ഒരു നടപടി വേണമെന്ന നിർദേശമാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.
പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഈ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.
'ഞാൻ റോഡിലൊരു കുഴികുഴിച്ചാൽ കേസെടുക്കില്ലേ' എന്നു കോടതി ചോദിച്ചു. കലൂർ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിക്ക് 2 കൊടിമരങ്ങൾ ഉണ്ട്. ആരു പറഞ്ഞിട്ടാണ് അതു വച്ചിരിക്കുന്നത്? ഇക്കാര്യത്തിൽ എല്ലാവരും അന്ധരാണ്. ആർക്കും പറയാൻ ധൈര്യമില്ല. എവിടെയെല്ലാം പൊതുവാഹനങ്ങളുടെ സ്റ്റാൻഡുണ്ടോ, എവിടെയെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടോ അവിടെയെല്ലാം കൊടിമരങ്ങൾ ഉണ്ട്. ഇതെല്ലാം അനുമതി വാങ്ങിയാണോ സ്ഥാപിച്ചതെന്നാണു പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹർജി നവംബർ ഒന്നിനു വീണ്ടും പരിഗണിക്കും.