10 October, 2021 08:52:06 PM
ബിജെപിയിൽ പ്രതിഷേധം കത്തുന്നു; വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റടിച്ച് നേതാക്കൾ
തിരുവനന്തപുരം: ബിജെപി പുനഃസംഘടനയിൽ നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ബിജെപിയുടെ ചാനൽ ചർച്ച പാനലിലുള്ളവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് മുതിർന്ന നേതാക്കൾ ലെഫ്റ്റടിച്ചു. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, എം.എസ്. കുമാർ എന്നിവരാണ് ഗ്രൂപ്പിൽനിന്ന് പുറത്തുപോയത്. കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർമിപ്പിച്ചാണ് ശോഭയുടെ വിമർശനം.
ഇതുവരെ ഒരു പദവികൾക്കു പിന്നാലെയും പോയിട്ടില്ല. പദവികളിലേക്കുള്ള പടികൾ തന്നെ പ്രലോഭിപ്പിച്ചിട്ടുമില്ല. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് നിരവധി മഹദ് വ്യക്തികൾ തെളിയിച്ചതാണെന്നും ശോഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു. ശോഭയടക്കമുള്ള സംസ്ഥാന നേതാക്കളിൽ പലരും നേതൃത്വവുമായി ഉടക്കിനിൽക്കുകയാണ്. മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീറും നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതേത്തുടർന്നു നസീറിനെ സസ്പെൻഡ് ചെയ്തതായി നേതൃത്വം പ്രഖ്യാപിച്ചു. ഇതോടൊപ്പം സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലിനെയും സസ്പെൻഡ് ചെയ്തു.
കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയതിനു പിന്നാലെയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു ശോഭയെ മാറ്റി പ്രാധാന്യം കുറഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയത്. ഇതോടെ പാർട്ടിയുടെ ഉയർന്ന സംവിധാനമായ കോർ കമ്മിറ്റിയിലെ അംഗത്വവും അവർക്കു നഷ്ടമായി.
സംസ്ഥാന പ്രസിഡന്റ്, മുൻ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവരടങ്ങിയ സമിതിയാണ് കോർ കമ്മിറ്റി. ഇതിനെത്തുടർന്നു കടുത്ത പ്രതിഷേധത്തിലായിരുന്ന ശോഭ ബിജെപിയുടെ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപി നേതാക്കൾ രാജിവച്ചിരുന്നു. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ബി. മദൻലാൽ ഉൾപ്പടെ പതിമൂന്നംഗ കമ്മിറ്റിയാണ് രാജിവച്ചത്.