05 October, 2021 06:41:31 PM


ഒരു സീറ്റിൽ ഒരാൾ മാത്രം; സ്‌കൂള്‍, കോളജ് ബസുകളില്‍ പാലിക്കണം ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍



പാലക്കാട് : കോളജ്, സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാര്‍ഥികളും ജീവനക്കാരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു. സ്‌കൂള്‍ ബസ്സുകളുടെ പ്രവര്‍ത്തനക്ഷമത, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ചും സര്‍ക്കാര്‍  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ആര്‍.ടി.ഒ.യുടെ നിര്‍ദേശമുണ്ട്.

സ്‌കൂള്‍ ബസ് യാത്രചെയ്യുന്ന വിദ്യാര്‍ഥികള്‍, ജീവനക്കാര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരം:

* പനി, ചുമ, ഛര്‍ദി, തുമ്മല്‍ ളള്ളവര്‍ യാത്ര ചെയ്യരുത്.

* ഡോര്‍ അറ്റന്‍ഡന്റ് ബസ്സില്‍ പ്രവേശിക്കുന്ന കുട്ടിയുടെ ശരീരതാപനില തെര്‍മല്‍ സ്‌കാനറില്‍ പരിശോധിച്ച്, കൈകള്‍ സാനിറ്റൈസ് ചെയ്ത ശേഷം മാത്രം ബസ്സില്‍ പ്രവേശിപ്പിക്കുക. ഇതിനായി വാഹനത്തില്‍ ഒരു തെര്‍മല്‍ സ്‌കാനറും ഒരു ലിറ്റര്‍ കപ്പാസിറ്റിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലും സൂക്ഷിക്കണം.

* നിലവിലെ സാഹചര്യത്തില്‍ ഒരു സീറ്റ് ഒരു കുട്ടിക്ക് മാത്രമായി നിജപ്പെടുത്തണം.

* നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്.

* വാഹനത്തില്‍ എന്‍ 95/ ഡബിള്‍ മാസ്‌ക് എല്ലാവര്‍ക്കും നിര്‍ബന്ധമാക്കണം.

* കുട്ടികള്‍ പരമാവധി ശാരീരിക അകലം പാലിക്കാനും പരസ്പര സ്പര്‍ശനം ഒഴിവാക്കാനും ശ്രദ്ധിക്കണം.

* വിന്‍ഡോ ഷട്ടറുകളും തുറന്നിടണം.

* വാഹനത്തില്‍ ഇരുന്ന് പുറത്തേക്ക് തുപ്പുന്നതും ച്യൂയിംഗം, മിഠായികള്‍ ചവയ്ക്കുന്നതും തടയണം.

* യാത്ര അവസാനിച്ച് കഴിയുമ്പോള്‍ വാഹനം അണുനാശിനി സ്പ്രേ ഉപയോഗിച്ചോ, സോപ്പ് ലായനി ഉപയോഗിച്ചോ കഴുകി വൃത്തിയാക്കണം.

* വാഹനത്തില്‍ എ.സി അനുവദിനീയമല്ല.

* തുണികൊണ്ടുള്ള സീറ്റ് കവര്‍ /കര്‍ട്ടന്‍ അനുവദിനീയമല്ല.

* കുട്ടികള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ കൈയില്‍ കരുതുകയും ഇടയ്ക്കിടെ കൈകള്‍ അണുവിമുക്തമാക്കുകയും വേണം.

സ്‌കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍:

* സ്‌കൂള്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ അനുവര്‍ത്തിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രിന്റ് ചെയ്തു നല്‍കുകയും വാഹനങ്ങളിലും സ്‌കൂള്‍ പരിസരത്തും പ്രദര്‍ശിപ്പിക്കുകയും വേണം.

* ഓരോ വാഹനത്തിലും അവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍, സാനിറ്റൈസര്‍ ബോട്ടിലുകള്‍, മാസ്‌കുകള്‍ മുന്‍കൂട്ടി വാങ്ങാനും വിതരണം നടത്താനുമുള്ള നടപടികളെടുക്കണം.

* സുരക്ഷാ ഓഫീസറായി നിയോഗിച്ച അധ്യാപകരോ ബസ് സൂപ്പര്‍വൈസര്‍മാരോ ദിവസേന രാവിലെ ഡ്രൈവര്‍മാരുടെയും ഡോര്‍ അറ്റന്റര്‍മാരുടെയും ശരീരതാപനില പരിശോധിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പ്രധാനാധ്യാപകര്‍ ഇത് നിരീക്ഷിച്ച് ഉറപ്പാക്കണം.

* രണ്ട് ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെ മാത്രമേ ഡ്യൂട്ടിക്കായി നിയോഗിക്കാവൂ.

* ഒറ്റ ട്രിപ്പില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കേണ്ടതിനാല്‍ ക്ലാസ് സമയങ്ങള്‍ ക്രമീകരിച്ച് ട്രിപ്പുകള്‍ വര്‍ദ്ധിപ്പിക്കണം.

* സ്‌കൂളിലേക്ക് വാഹനങ്ങള്‍ കൊണ്ടു വരുന്ന കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്കും മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതായി ഉറപ്പാക്കണം.  ഇതിനായി മുന്‍കൂട്ടി വാഹനങ്ങളുടെ ലിസ്റ്റുകള്‍ തയ്യാറാക്കിയതിന്റെ കോപ്പി മോട്ടോര്‍ വാഹന വകുപ്പിനും പോലീസിനും സ്‌കൂള്‍ അധികൃതര്‍ കൈമാറണം.

സ്‌കൂള്‍ വാഹനങ്ങളുടെ യാന്ത്രിക ക്ഷമത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍:

* ദീര്‍ഘകാലമായി നിര്‍ത്തിയിട്ടതിനാല്‍ വാഹനങ്ങള്‍ മുന്‍കൂട്ടി റിപ്പയര്‍ ചെയ്ത്, സുരക്ഷാ പരിശോധനയും ഫിറ്റ്നസ് പരിശോധനയും പൂര്‍ത്തിയാക്കി ട്രയല്‍ റണ്‍ നടത്തിയ ശേഷം മാത്രമാണ് കുട്ടികള്‍ക്കായി ഉപയോഗിക്കൂവെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം.

* സ്‌കൂള്‍ വാഹന ഡ്രൈവര്‍മാര്‍, അറ്റന്‍ഡര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിച്ച അധ്യാപകര്‍, സ്‌കൂളില്‍ കുട്ടികളെ കൊണ്ടുവരുന്ന മറ്റു വാഹന ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ ഓണ്‍ലൈന്‍ പരിശീലനം ലഭ്യമാക്കണം.

മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍:

* സ്‌കൂള്‍ വാഹനങ്ങള്‍, കുട്ടികളെ കൊണ്ടുവരുന്ന മറ്റ് ടാക്സി/ കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ പരിശോധന ഷെഡ്യൂള്‍ തയ്യാറാക്കി ഒക്ടോബര്‍ 20 നകം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

* സേഫ് കേരള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വാഹനങ്ങളുടെ യാന്ത്രിക ക്ഷമത പരിശോധിക്കും.

* തീര്‍ത്തും ഒഴിച്ചു കൂടാനാവാത്ത സാഹചര്യമൊഴികെ സ്റ്റേജ് ക്യാര്യേജ് വാഹനങ്ങള്‍ക്ക് ജി- ഫോം അനുവദിക്കില്ല.

* സ്‌കൂളുകളുടെയും വിവിധ ക്ലാസ്സുകളുടെയും പ്രവര്‍ത്തനസമയം വ്യത്യസ്തമാക്കുന്നതിനും ഒന്നില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളെ കൊണ്ടു വരുന്നതിനും സ്‌കൂള്‍ ബസുകളുടെ പെര്‍മിറ്റ് വ്യവസ്ഥയില്‍ താല്‍ക്കാലിക ഇളവ് അനുവദിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K