05 October, 2021 03:37:33 PM
ബിജെപിയിൽ വൻ അഴിച്ചുപണി: സുരേന്ദ്രന് തുടരും; അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്ന് ബിജെപിയിൽ വൻ അഴിച്ചു പണി. അഞ്ച് ജില്ലാ അധ്യക്ഷന്മാരെ മാറ്റി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് പട്ടിക പുറത്തുവിട്ടത്. പാലക്കാട്, കോട്ടയം, പത്തനംതിട്ട, വയനാട്, കാസർഗോഡ് ജില്ലകളിലാണ് അഴിച്ചു പണി നടത്തിയത്. പത്തനംതിട്ട ജില്ലാ പ്രസിഡന്റായി വി.എ. സൂരജ്, കോട്ടയത്ത് ജി.ലിജിന്‍ ലാല്‍, പാലക്കാട് കെ.എം. ഹരിദാസ്, വയനാട് കെ.പി. മധു, കാസര്‍ഗോഡ് രവീശതന്ത്രി കുണ്ടാര്‍ എന്നിവരെയും നിയമിച്ചു.
അഡ്വ. ബി. ഗോപാലകൃഷ്ണൻ, സി. ശിവന്‍കുട്ടി, പി. രഘുനാഥ് എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. എം.ടി. രമേശ്, ജോര്‍ജ് കുര്യന്, സി.കൃഷ്ണകുമാര്‍ എന്നിവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ്. എം. ഗണേഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. ട്രഷററായിരുന്ന ജെ.ആര്. പത്മകുമാറിനെ സംസ്ഥാന സെക്രട്ടറിയാക്കി.
നടന് കൃഷ്ണകുമാറിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. ഇ. കൃഷ്ണദാസാണ് ട്രഷറര്‍. ഓഫീസ് സെക്രട്ടറിയായിരുന്ന ഗിരീശനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. പാര്‍ട്ടി വക്താക്കളായി കെ.വി.എസ് ഹരിദാസ്, നാരായണന് നമ്പൂതിരി, അഡ്വ. ടി.പി. സിന്ധുമോള്‍, സന്ദീപ് വാര്യര്‍, സന്ദീപ് വചസ്പതി എന്നിവരെയും നിയമിച്ചു.