04 October, 2021 01:33:14 PM


നിസാമുദ്ദീൻ എക്സ്പ്രസിലെ കവർച്ച: പിന്നിൽ പശ്ചിമ ബംഗാൾ സംഘം; 3 പേര്‍ കസ്റ്റഡിയില്‍



തിരുവനന്തപുരം: നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണ ജയന്തി എക്സ്പ്രസിലെ കവർച്ചാ കേസിൽ പ്രതികൾ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ഷൗക്കത്തലി, സയാം എന്നിവരുൾപ്പെടെ മൂന്നു പേരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ദിവസം ഇവർ ബംഗാളിൽ നിന്ന് മുംബൈയിലേക്ക് വരുന്നെന്ന രഹസ്യ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. മുംബൈയിലെ കല്യാണിൽ ട്രെയിൻ എത്തിയപ്പോൾ പ്രതികളെ പിടികൂടുകയായിരുന്നു. രാജധാനി എക്സ്പ്രസിൽ ഉച്ചയോടെ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. കവർച്ചയ്ക്ക് ഇരായയവർ പ്രതികളെ തിരിച്ചറിഞ്ഞാൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ സെപ്തംബർ 12നാണ് നിസാമുദ്ദീൻ എക്സ്പ്രസിൽ യാത്ര ചെയ്തിരുന്നു അമ്മയും മകളും ഉൾപ്പെടെ മൂന്നു പേരെ ഭക്ഷണത്തിൽ മയക്കു മരുന്ന് കലർത്തി നൽകി ആഭരണങ്ങൾ കൊള്ളയടിച്ചത്.

കുപ്രസിദ്ധ റെയിൽവേ കുറ്റവാളിയും ഉത്തർ പ്രദേശം സ്വദേശിയുമായ അസ്ഗർ പാഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ചയ്ക്കു പിന്നിൽ എന്നായിരുന്നു നിഗമനം. കവർച്ചയ്ക്ക് ഇരയായവർ ഇയാളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു. തുടർന്ന അസ്ഗർ പാഷയ്ക്കായി അന്വേഷണ സംഘം തിരച്ചിൽ ഊർജിതമാക്കി. മുംബൈ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇതിനിടയിലാണ് ഇപ്പോൾ കസ്റ്റഡിയിൽ ഉള്ള സയാം എന്നയാളെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ട്രെയിനിൽ സ്ത്രീകളുടെ എതിർ സീറ്റിൽ സയാമും ഉണ്ടായിരുന്നു. കവർച്ചയുടെ തലേ രാത്രി ഭക്ഷണം കഴിക്കാൻ സ്ത്രീകളെ നിർബന്ധിച്ചതും ഇയാളായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിൽ സയാം ഉൾപ്പെട്ട മറ്റു ചില കേസുകളുടെ വിവരണങ്ങളും സമാന കൊള്ള നടന്ന സ്ഥലങ്ങളിൽ ഇയാളുടെ സാനിധ്യവും ബോധ്യപ്പെട്ടു. അതിനു പിന്നാലേയുള്ള അന്വേഷണമാണ് ഷൗക്കത്തലിയുടെ സംഘത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

ഉത്തർപ്രദേശിൽ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മി, കോളെജ് വിദ്യാർഥിയായ മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചയ്ക്ക് ഇരകളായത്. 17 പവൻ സ്വർണാഭരണങ്ങൾ, 31,000 രൂപ വില വരുന്ന രണ്ടു മൊബൈൽ ഫോണുകളുമാണ് മലയാളി സ്ത്രീകളിൽ നിന്ന് കവർന്നത്. കൗസല്യയുടെ 14,000 രൂപയുടെ മൊബൈൽ ഫോണും കവർച്ച ചെയ്യപ്പെട്ടതായി ആദ്യം പരാതിയുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K