02 October, 2021 06:49:16 PM
കേരളം തുറക്കുന്നു: തീയറ്ററുകൾ 25 മുതൽ; പ്രവേശനം രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക്
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട സിനിമ തീയറ്ററുകളും തുറക്കുന്നു. ഈ മാസം 25 മുതൽ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സെക്കൻഡ് ഷോകൾ ഉൾപ്പെടെ എല്ലാ ഷോകളും നടത്താം. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമാകും തീയറ്ററുകളിൽ പ്രവേശനം അനുവദിക്കുക.
50 ശതമാനം സീറ്റുകളിലാണ് ആളുകളെ പ്രവേശിപ്പിക്കുക. തീയറ്ററുകളിൽ എസി പ്രവർത്തിപ്പിക്കാനും അനുമതിയുണ്ട്. സിനിമ സംഘടനകളുമായി കൂടിയാലോചിച്ച് മാർഗരേഖ പുറത്തിറക്കാനാണ് തീരുമാനം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണവും വർധിപ്പിച്ചു. 50 പേർക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിലും 50 പേർക്ക് പങ്കെടുക്കാം. ഗ്രാമസഭകളും 50 പേരുമായി ചേരാൻ അനുവദിക്കും.
ഒക്ടോബർ 18 മുതൽ കോളജുകളിൽ എല്ലാ ക്ലാസുകളും തുടങ്ങും. എല്ലാ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും പ്രവർത്തനാനുമതി നൽകി. വിദ്യാർഥികളും അധ്യാപകരും രണ്ട് ഡോസ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണം. കോളജുകളിലും ഹോസ്റ്റലുകളിലും പ്രവർത്തിച്ചിരുന്ന സിഎഫ്എൽടിസികൾ ഒഴിവാക്കും.