29 September, 2021 05:09:17 PM


തന്നെ കാണിച്ച് മോൻസൻ പണം വാങ്ങിയോ എന്ന് സംശയമുണ്ട് - കെ സുധാകരൻ



തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ അനൂപില്‍ നിന്ന് പണം വാങ്ങിയത് തന്‍റെ മധ്യസ്ഥതയിലല്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍. പരാതിക്കാരനായ അനൂപ് മോന്‍സനെ കാണാന്‍ വന്നപ്പോള്‍ താന്‍ അവിടെ ഉണ്ടായിരുന്നു. തന്നെ കാണിച്ച് മോന്‍സണ്‍ അനൂപില്‍ നിന്ന് പണം വാങ്ങിയോ എന്ന് ഇപ്പോള്‍ സംശയമുണ്ട്. മോന്‍സനുമായി സാമ്പത്തിക ഇടപാടില്ല. ചികില്‍സയ്ക്കായാണ് പോയത്, അവിടെ താമസിച്ചിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.മോന്‍സനുമായുള്ള ഇടപാടില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. വ്യാജ ചികില്‍സ നടത്തിയതിന് മോന്‍സനെതിരെ നിയമനടപടി സ്വീകരിക്കും

മോന്‍സണ്‍ മാവുങ്കല്‍ ഉന്നതരുടെ ബന്ധം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് കെ. സുധാകരന്റെ മധ്യസ്ഥതയിലാണ് താന്‍ മോന്‍സണിന് പണം നല്‍കിയതെന്ന് അനൂപ് പറഞ്ഞതോടെയാണ് വിഷയം രാഷ്ട്രീയമായത്. പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്‍റെയടുത്ത് ചികിത്സയ്ക്ക് പോയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ശാസ്ത്രബോധത്തിന്‍റെ കുറവുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പരിഹസിച്ചു.

കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതാണ്. പൊലീസ് അന്വേഷണം ഇപ്പോള്‍ നല്ല രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മിനിമം അറിവുള്ള ആര്‍ക്കും മനസിലാകുന്ന തട്ടിപ്പാണ് നടന്നതെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ വിവേകം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ വിമര്‍ശിച്ചു. ഡോ.മോന്‍സന്‍ ത്വക്ക് രോഗ വിദഗ്ധന്‍ ആണെന്ന് ആര് പറഞ്ഞു. സുധാകരന്‍റെ ന്യായം സാമാന്യയുക്തിക്ക് ചേരുന്നതല്ല. ആര്‍ഭാടത്തില്‍ പോയി മയങ്ങരുത്. തട്ടിപ്പ് തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്നുമായിരുന്നു പന്ന്യന്റെ വിമര്‍ശനം


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K