24 September, 2021 10:34:23 PM
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ഇന്നവോ ക്രിസ്റ്റ കാറുകളും ടാറ്റാ ഹാരിയറും വാങ്ങുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി സുരക്ഷയ്ക്കായി കൂടുതൽ പുതിയ വാഹനങ്ങൾ വാങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്കോർട്ടിനായി മൂന്ന് ഇന്നവോ ക്രിസ്റ്റ കാറുകളും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് അനുമതി നൽകിയത്. പ്രത്യേക കേസായി പരിഗണിച്ചാണ് നിലവിലുള്ള രണ്ടു കാറുകൾ ഒഴിവാക്കി പുതിയ നാലു കാറുകൾ വാങ്ങുന്നതിന് ആഭ്യന്തര വകുപ്പ് അനുമതി നൽകിയത്.
നിലവിൽ ഉപയോഗിക്കുന്ന രണ്ടു കാറുകൾ മാറ്റണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ അപേക്ഷയിലാണ് തീരുമാനം. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാൻ അനുമതിയും നൽകി. ലോക്നാഥ് ബെഹ്റ സംസ്ഥാന പോലീസ് മേധാവിയായിരിക്കെ, മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി ഉപയോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ മാറ്റി പുതിയവ വാങ്ങണമെന്ന് ആഭ്യന്തര വകുപ്പിന് കത്തെഴുതിയതിയിരുന്നു. തുടർന്നു വീണ്ടും കത്തു നൽകി. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നാലു കാറുകൾ വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവിറക്കി.
ഒന്നര ലക്ഷം കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വാഹനങ്ങൾ പ്രധാന വ്യക്തികളുടെ എസ്കോർട്ട്, പൈലറ്റ് ഡ്യൂട്ടിക്കായി ഉപയോഗിക്കാനാകില്ല. അതിനാലാണ് വാഹനം മാറ്റി വാങ്ങാൻ പോലീസ് ആസ്ഥാനത്തു നിന്ന് കത്ത് നൽകിയത്.