22 September, 2021 01:09:38 PM
അനിൽകുമാർ പറഞ്ഞ രഹസ്യങ്ങൾ പരസ്യമാക്കി കോൺഗ്രസിനെതിരെ 'പണി'ക്കൊരുങ്ങി സിപിഎം
കോഴിക്കോട്: കോൺഗ്രസിൽനിന്ന് ഉടക്കി സിപിഎമ്മിലെത്തിയ കെ.പി.അനില്‍ കുമാറിനെ മുന്നിൽ നിർത്തി രാഷ്ട്രീയ കളികൾക്കൊരുങ്ങി സിപിഎം. കെപിസിസി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന അനിൽ കുമാറിനു കോൺഗ്രസിനുള്ളിൽ പല രഹസ്യങ്ങളും പോരുകളും അറിയാമെന്നും അതു പരസ്യമാക്കി പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാമെന്നുമാണ് സിപിഎം കരുതുന്നത്.
കെ.സുധാകരന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഉണർവ് നേടുമെന്നതു മുന്നിൽ കണ്ടാണ് അനിൽ കുമാറിനെ മുന്നിൽനിർത്തി പുതിയ പോർമുഖം സിപിഎം തുറക്കുന്നത്. കോഴിക്കോട് ജില്ലയില്‍ എം.കെ.രാഘവനെതിരെയും സിപിഎമ്മിന്റെ പ്രധാന ശത്രുവായ കെ.സുധാകരനെതിരെയും ഉള്ള പ്രധാന ആയുധമായി അനില്‍ കുമാറിനെ മാറ്റാനാണ് സിപിഎം നീക്കം.
ഇന്നലെ കോഴിക്കോട് അനില്‍ കുമാറിനു സ്വീകരണം നല്കിയതും ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടാണ്. കോഴിക്കോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിനു പുറമേയായിരുന്നു ഇതെന്നതും ശ്രദ്ധേയമാണ്. സ്വീകരണ യോഗത്തില്‍ ആകട്ടെ സുധാകരനെതിരേ അഴിമതി ആരോപണമുള്‍പ്പെടെ ഉയര്‍ത്തി അനില്‍ കുമാര്‍ 'പ്രതീക്ഷ' കാക്കുകയും ചെയ്തു.
തന്നെ സിപിഎമ്മില്‍ എത്തിക്കാന്‍ ചരടുവലിച്ച എളമരം കരീം എംപിയുള്‍പ്പെടെയുള്ള നേതാക്കളുടെ മുന്നില്‍ വച്ചാണ് കോണ്‍ഗ്രസ് നേതാക്കളെ കടന്നാക്രമിക്കുകയും പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തുകയും ചെയ്തത്. കെ.മുരളീധരനെയും വി.ഡി. സതീശനെയും അനില്‍ കുമാര്‍ വിമർശിച്ചു. കെ.കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്നു സുധാകരൻ വെളിപ്പെടുത്തണം. ചിറക്കൽ രാജാസ് സ്കൂൾ വാങ്ങാനാണ് പണം പിരിച്ചത്. സ്കൂൾ വാങ്ങിയില്ലെന്നും അനില്‍ കുമാര്‍ ആരോപിച്ചു.
ഇതുവഴി ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന കെ.മുരളീധരന്- സുധാകരന് ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. കരുണാകരനുമായി ബന്ധപ്പെട്ട ട്രസ്റ്റിനെക്കുറിച്ച് അഴിമതി ആരോപണം വരുമ്പോള്‍ മുരളീധരനു മിണ്ടാതിരിക്കാനാകില്ലെന്നു സിപിഎം കരുതുന്നു.
താനൊരു മാലിന്യമാണെന്നു കെ. മുരളീധരന് തിരിച്ചറിയാൻ അധിക സമയം വേണ്ടിവരില്ല. മുരളീധരൻ എത്ര പാർട്ടി ഇതിനോടകം മാറി? എൻസിപി വഴി എകെജി സെന്ററിലെത്താൻ ശ്രമിച്ചതു മുരളിയാണ്. മാലിന്യങ്ങളെ സ്വീകരിക്കാൻ പറ്റുമെങ്കിൽ മുരളിയെ സ്വീകരിക്കുമായിരുന്നു. എകെജി സെന്ററിനു മുന്നിൽ ഭിക്ഷപ്പാത്രവുമായി നിന്നതാരാണെന്നും അനില്‍ കുമാര്‍ ചോദിച്ചു.