19 September, 2021 04:44:07 PM


'പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ഈഴവര്‍ക്ക് പരിശീലനം'; ഫാ.റോയി പരാതി കൈമാറട്ടെ - മുരളീധരന്‍



തിരുവനന്തപുരം: കത്തോലിക്കാ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോവാന്‍ ഈഴവരായ ചെറുപ്പക്കാര്‍ക്ക് പരിശീലനം നടത്തുന്നുണ്ടെന്ന് ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. റോയിയുടെ ആരോപണം അറിഞ്ഞിട്ടില്ലെന്നും ആ വാര്‍ത്ത മുഴുവന്‍ വായിച്ച് വസ്തുത മനസിലാക്കി പ്രതികരിക്കാമെന്നാണ് മുരളീധരന്‍ പറഞ്ഞത്. ക്രമസമാധാനം സര്‍ക്കാരിന്റെ ചുമതലയാണെന്നും റോയിയുടെ കൈവശം പരാതികളുണ്ടെങ്കില്‍ കൈമാറട്ടെയെന്നും മുരളീധരന്‍ പറഞ്ഞു.

സിറിയന്‍ കത്തോലിക്കാ വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറായ ഫാ.റോയി കണ്ണന്‍ ചിറ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കായി നടത്തിയ പരിശീലന പരിപാടിയിലാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്. പ്രസംഗത്തില്‍ റോയി പറഞ്ഞത് ഇങ്ങനെ:

'കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ തട്ടിക്കൊണ്ടു പോയത് ഈഴവരാണ്. ലവ് ജിഹാദിനെപറ്റിയും നാര്‍കോട്ടിക് ജിഹാദിനെപറ്റിയും നമ്മള്‍ കൂടുതല്‍ സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. അവര്‍ സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു എന്നുവരെ വിവരം കിട്ടിയിട്ടുണ്ട്. ജാഗ്രത ഇല്ലാത്തവരാണ് നമ്മള്‍ എന്നതാണ് നമ്മള്‍ നേരിടുന്ന ക്രൈസിസ്. നമ്മുടെ മക്കളെ തട്ടിക്കൊണ്ടു പോവാന്‍, പ്രണയം നടിച്ച് സ്വന്തമാക്കാന്‍ ശത്രുക്കള്‍, സഭയുടെ എതിര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിന്റെ പത്തിലൊന്നു പോലും നമ്മളുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താന്‍ ഉണ്ടാവുന്നില്ല.'



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K