18 September, 2021 10:29:21 AM
കാട്ടുപന്നിയുടെ 'ക്ഷുദ്രജീവി' പദവി; വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു - കിഫ

തിരുവനന്തപുരം: കാട്ടുപന്നിക്ക് ക്ഷുദ്രജീവി പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം. നിയമസഭയില്‍ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, അന്‍വര്‍ സാദത്ത് എന്നിവരുടെ നക്ഷത്രചിഹ്നം ഇട്ട ചോദ്യം നമ്പര്‍ 357b ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി, നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരം നൽകിയതെന്ന് കർഷകരുടെ കൂട്ടായ്മയായ കേരളാ ഇന്‍ഡിപെന്റന്റ് ഫാര്‍മേഴ്‌സ് അസോസിയേഷൻ (കിഫ) ആരോപിക്കുന്നു.
കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കേരളം കൈക്കൊണ്ട നടപടികളും അതിന് കേന്ദ്ര സര്‍ക്കാറിന്റെ നടപടികളെ കുറിച്ചുമായിരുന്നു എംഎല്‍എമാര്‍ ചോദിച്ചത്. എന്നാല്‍, കേരളം ആവശ്യമുന്നയിച്ചെങ്കിലും കേന്ദ്രം നടപടികള്‍ കൈക്കൊണ്ടില്ലെന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി. എന്നാല്‍, ഇത് തെറ്റാണെന്നാണ് കിഫയ്ക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. സഭയെയും സാമാജികരെയും അതുവഴി കേരളത്തിലെ ജനങ്ങളെയും ഉത്തരവാദപ്പെട്ട മന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.
കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കുന്ന കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2020 നവംബര്‍ ഒന്നിന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന കാരണത്താല്‍ ഡിസംബറില്‍ കേന്ദ്രം ഈ കത്ത് തിരിച്ചയച്ചു. തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 17 ന് സംസ്ഥാന വനംവന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നല്‍കി. 2011 മുതല്‍ പഞ്ചായത്തുകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സംസ്ഥാനം നല്‍കി മറുപടി. ഇതിനെ തുടര്‍ന്ന് ജൂലൈ എട്ടിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കത്ത് കിട്ടി മൂന്നുമാസമാകാറായിട്ടും ഇത് സംബന്ധിച്ച ഒരു വിവരവും കേരളം കേന്ദ്രത്തിന് കൈമാറിയിട്ടില്ല എന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 6-ാം തിയതി 15-ാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിലാണ് ഈ വിഷയത്തില്‍ എംഎല്‍എമാരുടെ ചോദ്യം ഉയര്‍ന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 62 പ്രകാരം കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കിയിരുന്നോ, പ്രസ്തുത നിവേദനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നിവയായിരുന്നു നക്ഷത്രചിഹ്നം ഇട്ട ചോദ്യങ്ങള്‍.
ഈ ചോദ്യങ്ങള്‍ക്ക് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നല്‍കിയ മറുപടികളിങ്ങനെ: ''കാട്ടുപന്നികള്‍ മൂലം കൃഷിനാശം കൂടുതലുള്ള പ്രദേശങ്ങളിലെ കാട്ടുപന്നികളെ ഒരു വര്‍ഷത്തേക്ക് വെര്‍മിന്‍ ആയി പ്രഖ്യാപിക്കണമെന്നുള്ള ശിപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ 2020 നവംബര്‍ ഒന്നിനും 2021 ജൂണ്‍ 17-നും കേന്ദ്രസര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ കത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. ''
എന്നാല്‍, വിവരാവകാശ രേഖകള്‍ പ്രകാരം, ജൂണ്‍ 17 ന് കേരളാ വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ മറുപടിക്ക് കേന്ദ്ര വനംവകുപ്പ് ജൂലൈ 8 ന് കൂടുതല്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കൊണ്ട് കത്തയച്ചിരുന്നു.ഇതിനു ഇതുവരെ കേരള സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
ഈ വിവരമാണ് മന്ത്രി എംഎല്‍എമാരില്‍ നിന്നും നിയമസഭയില്‍ നിന്നും മറച്ച് വെച്ചത്. കേന്ദ്രത്തില്‍ നിന്ന് മറുപടി കിട്ടി 28 ദിവസങ്ങള്‍ക്ക് ശേഷം അത് സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനാണ് വകുപ്പ് മന്ത്രി തെറ്റായ വിവരം നല്‍കിയത് എന്നാണ് വ്യക്തമാവുന്നത്. വകുപ്പുമന്ത്രി കള്ളം പറഞ്ഞത് സത്യപ്രതിജ്ഞ ലംഘനവും നിയമസഭയെയും ജനങ്ങളെയും മനപൂര്‍വം തെറ്റിദ്ധരിപ്പിക്കലുമാണെന്ന് കിഫ ആരോപിച്ചു.
ജൂണ്‍ 17 ന് സംസ്ഥാന വനം വകുപ്പ് , കേന്ദ്രവനം വകുപ്പിലേക്ക് കത്തയക്കാന്‍ ഉപയോഗിച്ചിരിക്കുന്ന ഇ മെയില്‍ ഐഡി സര്‍ക്കാറിന്റെ ഔദ്യോഗിക ഇമെയില്‍ ഐഡിയിലല്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. സംസ്ഥാന വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ അദ്ദേഹത്തിന്റെ ഔദ്യോഗിക ഇമെയില്‍ ഐഡിയായ prlsecy.forest@kerala.gov.in എന്ന ഐഡി ഉപയോഗിക്കാതെ soforestd@gmail.com എന്ന സ്വകാര്യ ഐഡിയില്‍ നിന്ന് കേന്ദ്ര വനംവകുപ്പിന് ഔദ്യോഗിക സന്ദേശമയച്ചെന്നും അലക്‌സ് ഒഴുകയില്‍ ആരോപിച്ചു.
2021 ഫെബ്രുവരി 19 -നു കേരള സര്‍ക്കാര്‍ പുറത്തിറിക്കിയ ഉത്തരവ് പ്രകാരം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് gov.in എന്ന എക്സ്റ്റന്‍ഷന്‍ ഉള്ള സര്‍ക്കാര്‍ ഇമെയില്‍ ഐഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഈ നിയമം നിലനില്‍ക്കെയാണ് സംസ്ഥാന വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി മറ്റൊരു സ്വകാര്യ ഐഡി ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് ഉപയോഗിച്ചത്. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ വനം വകുപ്പ് നടത്തുന്ന ഈ നീക്കങ്ങള്‍ ജനങ്ങളെ കബളിപ്പിക്കുന്നതാണെന്നും കിഫ ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ പറഞ്ഞു.
കാട്ടുപന്നി വിഷയത്തിൽ കിഫയുടെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്ത WPC No 12496 / 2021 കേസിൽ വനം വകുപ്പ് നൽകിയ കൗണ്ടർ അഫിഡവിറ്റിൽ ഈ കത്തയച്ച കാര്യം പോലും മറച്ചു വെച്ചു എന്നതും ഗൗരവതരമാണ്. 2021 ജൂൺ 21 നു ഫയൽ ചെയ്ത അഫിഡവിറ്റിൽ ജൂൺ 17 നു അയച്ച കത്തിന്റെ കാര്യം പരാമർശിച്ചിട്ടില്ല എന്നതും ദുരൂഹമാണ്. ഇതെല്ലം സൂചിപ്പിക്കുന്നത് കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്ന കാര്യത്തിൽ വനം വകുപ്പ് ഒളിച്ചു കളികൾ തുടരുന്നുവെന്നാണെന്നും കിഫ ചൂണ്ടിക്കാട്ടുന്നു.