18 September, 2021 09:59:41 AM
വിദ്യാർഥിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരിയായ യുവതിക്ക് 20 വർഷം തടവുശിക്ഷ

ഹൈദരാബാദ്: സ്കൂളിൽ വെച്ച് ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതിക്ക് 20 വർഷം തടവ്. ഹൈദരാബാദിലെ ഒരു സ്കൂളിൽ ആയയായി ജോലി ചെയ്യുന്ന കെ. ജ്യോതി എന്ന 27കാരിയെയാണ് പീഡനക്കേസിൽ പോക്സോ വകുപ്പ് ചുമത്തി ജയിലിലടച്ചത്. യുവതി 20,000 രൂപ പിഴയായി അടയ്ക്കണമെന്നും ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ഉത്തരവിട്ടു.
കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം 2017 ഡിസംബറിലാണ് ചന്ദ്രയാൻഗുട്ട പൊലീസ് കേസെടുത്തത്. കുട്ടിയുടെ ദേഹത്ത് പാടുകള്‍ കണ്ടു ചോദിച്ചപ്പോഴാണു പീഡന വിവരം അറിഞ്ഞതെന്നാണു പിതാവ് പറയുന്നത്. അടുത്ത കാലത്തായി സ്കൂളിലെത്തിയ യുവതി എപ്പോഴും മോശമായാണു പെരുമാറിയതെന്നാണു കുട്ടി പറയുന്നത്. ശുചിമുറിയിലേക്ക് കൊണ്ടുപോകുമ്പോഴൊക്കെ ഇത്തരത്തിൽ മോശമായി പെരുമാറിയിരുന്നതായി കുട്ടി പിതാവിനോട് പറഞ്ഞു.
സംഭവം പുറത്തറിയരുതെന്ന് ആവശ്യപ്പെട്ട് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ പിതാവ് പരാതിയിൽ ഉന്നയിച്ചു. സിഗററ്റ് കുറ്റി കൊണ്ട് കുട്ടിയെ പൊള്ളിച്ചതായും കണ്ടെത്തി. തുടർന്ന് നിരന്തരം ഭീഷണിപ്പെടുത്തി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളുടെയും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ റാഫത്ത് ഉന്നയിച്ച വാദഗതികളുടെയും അടിസ്ഥാനത്തിൽ കോടതി പ്രതിക്ക് 20 വർഷത്തെ തടവുശിക്ഷയും പിഴയും വിധിക്കുകയായിരുന്നു.