17 September, 2021 04:58:02 PM
വിദ്യാർഥികളുടെ ഹർജി തള്ളി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത് 48 വിദ്യാർഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്. പരീക്ഷ നടത്തുന്നതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു. കോവിഡ് കാലത്ത് നടന്ന പരീക്ഷകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലമാണ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നത്.
പരീക്ഷ നടത്താൻ അനുമതി നൽകിയ കോടതി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തുടരുന്നതിനിടെ പരീക്ഷ നടത്തുന്നത് ചോദ്യം ചെയ്ത സുപ്രീംകോടതി ആദ്യ വിധിയിൽ സർക്കാരിനെ വിമർശിക്കുകയും പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്ത് വിശദീകരണം തേടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സർക്കാർ വിശദമായ സത്യവാങ്മൂലം നൽകിയത്. കോവിഡിന് പുറമേ ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികൾ ഹർജികൾ സമർപ്പിച്ചിരുന്നത്.