17 September, 2021 04:36:38 PM
അപകടം മണത്തു; ബി ജെ പിക്കു പിന്നാലെ കോൺഗ്രസ്സും സിപിഎമ്മും കുതിച്ചു പാലായിലേക്ക്
കോട്ടയം: ആദ്യം എതിർത്തു, വിമർശിച്ചു, പൊതു സമൂഹത്തിന്‍റെ നിലപാട് ബിഷപ്പിന്‍റെ പ്രസംഗത്തിനൊപ്പമാണെന്നു തിരിച്ചറിഞ്ഞപ്പോൾ കളം മാറ്റിച്ചവിട്ടി... കഴിഞ്ഞ ദിവസങ്ങളിൽ കേരള രാഷ്‌ട്രീയ രംഗത്തു കണ്ട ചില മാറ്റങ്ങളുടെ ആകെത്തുകയാണിത്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നാർകോട്ടിക് ജിഹാദിനെക്കുറിച്ചു തന്‍റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ പൊതുസമൂഹം അതു ശരിവച്ചെങ്കിലും രാഷ്‌ട്രീയ നേതൃത്വങ്ങളിൽ പലരും വിമർശനത്തോടെയാണ് അതിനെ നേരിട്ടത്.
എന്നാൽ, പൊതുസമൂഹത്തിന്‍റെ ശക്തമായ പിന്തുണ ബിഷപ്പിന്‍റെ പ്രസംഗത്തോടൊപ്പം കൂടുകയാണെന്നു തിരിച്ചറിഞ്ഞ നേതാക്കൾ പലരും കഴിഞ്ഞ ദിവസങ്ങളിൽ നിലപാട് മാറ്റി ബിഷപ്പിനെ സന്ദർശിക്കാനും ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമൊക്കെ തിരിക്കുകൂട്ടുന്ന കാഴ്ചയാണ് പാലായിൽ കാണുന്നത്. ബിഷപ് സമൂഹമധ്യത്തിൽ ഉയർത്തിയ വിഷയം ഒരു സാമൂഹ്യപ്രശ്നമാണെന്നും ചർച്ച ചെയ്യപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായം പൊതുസമൂഹത്തിൽ ശക്തിപ്പെട്ടതിനൊപ്പം ബിജെപി ഈ വിഷയത്തിൽ സജീവമായി രംഗത്തിറങ്ങിയതും കോൺഗ്രസും സിപിഎമ്മും അടക്കമുള്ള മുഖ്യ കക്ഷികളെ സമ്മർദത്തിലാഴ്ത്തി.
ഇന്നലെ സുരേഷ്ഗോപി എംപി തന്നെ നേരിട്ടു പാലായിൽ എത്തി ബിഷപ്പിനെ കണ്ടതു വലിയ വാർത്താ പ്രാധാന്യം നേടിയതിനു പിന്നാലെ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനും പാലായിൽ എത്തി ബിഷപ്പിനെ സന്ദർശിക്കുകയും ചെയ്തു. ആദ്യദിനം പ്രസംഗത്തിനെതിരേ വിമർശനം ഉയർത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടക്കമുള്ള അടുത്ത ദിവസങ്ങളിൽ പ്രസ്താവന മയപ്പെടുത്തി. ഇന്നലെ കോട്ടയത്ത് എത്തിയ ഇരു നേതാക്കളും ബിഷപ് ഉയർത്തിയ വിഷയത്തിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇരുനേതാക്കളും ചങ്ങനാശേരി ആർച്ച്ബിഷപ്പിനെയും സന്ദർശിച്ചു.
വിഷയത്തിൽ ആദ്യം മുതൽ കരുതലോടെ പ്രതികരിച്ചും അകലം പാലിച്ചുംനിന്ന സിപിഎം നേതൃത്വവും സാഹചര്യങ്ങൾ മാറിമറിയുകയാണെന്നു കണ്ടതോടെ ഇന്നു പാലായിൽ എത്തുകയായിരുന്നു. മന്ത്രി വി.എൻ.വാസവൻ തന്നെ നേരിട്ടു പാലായിൽ എത്തി ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടു ചർച്ച നടത്തി. വിവിധ വിഷയങ്ങളിൽ നല്ല അവഗാഹം ഉള്ള ആളാണ് മാർ കല്ലറങ്ങാട്ടെന്നും വിവിധ മതഗ്രന്ഥങ്ങളെക്കുറിച്ചൊക്കെ അദ്ദേഹത്തിനു നല്ല ആഴത്തിലുള്ള അറിവും വായനയും ഉണ്ടെന്ന കാര്യം തനിക്കു നേരിട്ട് അറിയാമെന്നും സന്ദർശനത്തിനു ശേഷം വാസവൻ മാധ്യമങ്ങളോടു പറഞ്ഞു.
അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കാനില്ലെന്നും എന്നാൽ വിളിച്ചാൽ സഹായിക്കുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതു മറന്നുകൊണ്ടാണ് കഴിഞ്ഞ ദിവസം സുരേഷ് ഗോപി നേരിട്ടുതന്നെ ബിഷപ്പിനെ കാണാനായി എത്തിയത്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താത്പര്യപ്രകാരമാണ് സുരേഷ് ഗോപി നിലപാട് മാറ്റി ബിഷപ്പിനെ കാണാനെത്തിയതെന്നാണ് കരുതുന്നത്. താൻ എംപി എന്ന നിലയിൽ മാത്രമാണ് ബിഷപ്പിനെ കാണാനെത്തിയതെന്നും സൗഹൃദം പങ്കിടുകയായിരുന്നു ലക്ഷ്യമെന്നും സന്ദർശത്തിനു ശേഷം ഇറങ്ങിവന്ന സുരേഷ് ഗോപി പ്രതികരിച്ചു.
ബിഷപ് ഏതെങ്കിലും മതത്തിനു ദോഷമായ രീതിയിൽ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ട ഒരു സാമൂഹ്യപ്രശ്നം തന്‍റെ ജനത്തോടു പറയുക മാത്രമാണ് അദ്ദേഹം ചെയ്തെന്നും എംപി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മറ്റു നിരവധി നേതാക്കളും ബിഷപ്സ് ഹൗസിലെത്തിയിരുന്നു. നാർക്കോട്ടിക് ജിഹാദിനെക്കുറിച്ചുള്ള മുന്നറിയിപ്പ് ബിഷപ് നൽകിയതിനു പിന്നാലെ അദ്ദേഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയതോടെയാണ് അദ്ദേഹത്തിന് ഐക്യദാർഢ്യവുമായി നിരവധി പേർ എത്തിത്തുടങ്ങിയത്.
പി.ജെ.ജോസഫ് എംഎൽഎ, മാണി സി. കാപ്പൻ എംഎൽഎ, പി.സി.ജോർജ്, മോൻസ് ജോഫസ് എംഎൽഎ, ഫ്രാൻസിസ് ജോർജ്, ജോസഫ് വാഴയ്ക്കൻ, ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. നിർമല ജിമ്മി, ആന്റോ പടിഞ്ഞാറേക്കര അടക്കമുള്ള വിവിധ പാർട്ടികളിലെ നിരവധി പ്രാദേശിക നേതാക്കളും വന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മാർ ജോസഫ് കല്ലറങ്ങാട്ടിനെ ഫോണിൽ വിളിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.