14 September, 2021 08:42:42 PM
'അല്ല മക്കളെ ഞാന്‍ മാത്രമേയുള്ളു യാത്രയ്ക്ക്?' വിമാനയാത്രയുടെ അനുഭവവുമായി വിനോദ് കോവൂര്‍

കൊച്ചി: ഹാസ്യപരിപാടികളിലൂടെ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ച താരം വിനോദ് കോവൂര്‍ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങില്‍ ശ്രദ്ധനേടുന്നു. ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് വിമാനത്തില്‍ പത്ത് പേര്‍ക്കൊപ്പം യാത്ര ചെയ്ത അനുഭവമാണ് വിനോദ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുറിപ്പിനൊപ്പം ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ഇത്രയും കിലോമീറ്റര്‍ കടല്‍ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് നമ്മുടെ നാട്ടില്‍ പത്ത് പേരെ വെച്ച് സര്‍വ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓര്‍മ്മ വന്നെന്നും വിനോദ് പറയുന്നു. മറക്കാനാവാത്ത ഈ രാജകീയ യാത്ര എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുമെന്നും വിനോദ് കുറിക്കുന്നു.
വിനോദ് കോവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
"ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇങ്ങനെ ഒരു അപൂര്‍വ്വഭാഗ്യം ലഭിച്ചു. ഷാര്‍ജയില്‍ നിന്നായിരുന്നു തിരികെ യാത്ര Go Air In വിമാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എയര്‍ ഹോസ്റ്റസ് കുട്ടികളോട് തമാശയായി ചോദിച്ചു, അല്ല മക്കളെ ഞാന്‍ മാത്രമേയുള്ളു യാത്രയ്ക്ക്? ചിരിച്ച് കൊണ്ട് അവര്‍ മറുപടി പറഞ്ഞു ഒരു പത്ത് പേരും കൂടി ഉണ്ടെന്ന്. മൊത്തം പതിനൊന്ന് പേര്‍ യാത്രക്കാര്‍. വേഗം മുമ്പിലെ സീറ്റിലിരുന്നു വിമാനത്തിലെ ഒരു സ്റ്റാഫ് ഫോട്ടോ എടുത്ത് തന്നു. പിന്നെ കയറി വന്ന പത്ത് പേരോടൊപ്പവും സെല്‍ഫി എടുത്തു.
മുമ്പൊരിക്കല്‍ സുരഭി ലക്ഷമി എന്ന പാത്തുവിന്റെ കൂടെ യാത്ര ചെയ്തപ്പോള്‍ ഇങ്ങനെ ഒരു ഫോട്ടോ എടുക്കാന്‍ വേണ്ടി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും ഇറങ്ങാന്‍ കാത്ത് നിന്നതിന് ശേഷം ഒരു ഫോട്ടോ എടുത്തിരുന്നു. ഇന്നലെ ഇങ്ങനെയും ഒരു ഭാഗ്യം. ഇത്രയും കിലോമീറ്റര്‍ കടല്‍ കടന്ന് വിമാനം പറക്കുന്നത് കണ്ടപ്പോള്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കാലത്ത് നമ്മുടെ നാട്ടില്‍ പത്ത് പേരെ വെച്ച് സര്‍വ്വീസ് നടത്തിയ സിറ്റി ബസുകളിലെ യാത്ര ഓര്‍മ്മ വന്നു."