13 September, 2021 12:45:36 PM
ദേശീയ മെഡലുകൾ ഉയർത്തി സെക്രട്ടേയറ്റിനു മുന്നിൽ കായിക താരങ്ങളുടെ പ്രതിഷേധം വീണ്ടും

തിരുവനന്തപുരം: ദീര്‍ഘനാളായി സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട ശേഷം കായികതാരങ്ങള്‍ പരസ്യ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തി. 2010-2014 കാലയളവില്‍ ദേശീയ മെഡല്‍ ജേതാക്കളായ 54 കായികതാരങ്ങളാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഒരു കാലത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നതും പിന്നീട് നടപ്പിലാക്കി എന്ന് അവകാശപ്പെട്ടതുമായ കാര്യം നീണ്ടു പോയതോടെയാണ് ദേശീയ മെഡലുകള്‍ ഉയര്‍ത്തിപ്പിടിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ കായികതാരങ്ങള്‍ പ്രതിഷേധിച്ചത്. 510 കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയെന്ന് ഒന്നാം പിണറായി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവകാശവാദം.
യുഡിഎഫ് സര്‍ക്കാര്‍ 5 വര്‍ഷം കൊണ്ട് 110 പേര്‍ക്കാണ് ജോലി നല്‍കിയിരുന്നതെങ്കില്‍ പിണറായി സര്‍ക്കാര്‍ 510 പേര്‍ക്ക് ജോലി നല്‍കിയെന്നായിരുന്നു അവകാശവാദം. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവകാശവാദം തെറ്റാണെന്ന് കായികതാരങ്ങള്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ക്ക് ജോലി ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിച്ച കായികതാരങ്ങള്‍ വ്യക്തമാക്കി. 54 പേര്‍ക്കും ജോലി നല്‍കിയെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ജോലി ലഭിച്ചിട്ടില്ല. നിരന്തരം ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഫയല്‍ എവിടെയാണെന്ന് കൃത്യമായ മറുപടി നല്‍കാനും ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയതെന്ന് കായികതാരങ്ങള്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് കായികതാരങ്ങളുടെ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതല്‍ ഉച്ച വരെയുള്ള പ്രതിഷേധമാണ് കായികതാരങ്ങള്‍ സംഘടിപ്പിച്ചത്. നേരത്തെ ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ ദേശീയ മെഡല്‍ ജേതാക്കള്‍ നടത്തിയ പ്രതിഷേധം വിവാദമായിരുന്നു. ഒരു കാലത്ത് ഉറപ്പ് നല്‍കിയിരുന്ന സര്‍ക്കാര്‍ ജോലി യാഥാര്‍ത്ഥ്യം ആകാത്ത സാഹചര്യത്തിലായിരുന്നു കായികതാരങ്ങള്‍ പ്രതിഷേധവുമായി സെക്രട്ടറിയേറ്റിനു മുന്നില്‍ എത്തിയിരുന്നത്. അന്ന് തലമുണ്ഡനം ചെയ്തും മുട്ടിലിഴഞ്ഞുമാണ് ദിവസങ്ങളോളം കായികതാരങ്ങള്‍ പ്രതിഷേധിച്ചത്.
കായിക താരങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് 83 ദേശീയ മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെയാണ് അന്നത്തെ സമരം അവസാനിച്ചിരുന്നത്. എന്നാല്‍ 2010-2014 കാലയളവിലെ ദേശീയ മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് കായിക താരങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ പ്രതിഷേധം ശക്തമാക്കിയത്.