09 September, 2021 06:49:05 PM
'ഈ വിഷസര്‍പ്പത്തെ കൂട്ടില്‍ അടക്കണം'; പാലാ ബിഷപ്പിന് എതിരെ ഇ കെ സമസ്ത നേതാവ്

കോഴിക്കോട്: ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ എസ്.കെ.എസ്.എസ്.എഫ്. മുസ്‌ലിം സമുദായത്തിനെതിരെ ദുരാരോപണം ഉയര്‍ത്തി പാലാ ബിഷപ്പ് മത സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു.
ബിഷപ് ഉന്നയിക്കുന്ന ലൗജിഹാദ്, നാര്‍കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്ത് വിടണം. മുസ് ലിംകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി വിദ്വേഷ പ്രചരണം നടത്തുന്ന ബിഷപ്പിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരക്കാരുടെ വിഷലിപ്തമായ പ്രചാരണങ്ങള്‍ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കും.
രോഗവും ദാരിദ്ര്യവും ചൂഷണം ചെയ്ത് മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആരൊക്കെയാണെന്ന് പ്രബുദ്ധരായ കേരളീയര്‍ക്കറിയാം. സംസ്ഥാനത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിഷപ്പിനെതിരെ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരും രംഗത്തെത്തി. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍കോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണം. -സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നാണ് പാലാ രൂപത ബിഷപ്പ് വചന സന്ദേശത്തില്‍ ആരോപിച്ചത്. നര്‍കോട്ടിക്, ലവ് ജിഹാദ്കള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാര്‍ക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പല തരത്തില്‍ ശ്രമം നടത്തുന്നുണ്ടെന്നും ഹലാല്‍ വിവാദം ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.