09 September, 2021 06:34:13 PM
കെഎസ്ആർടിസി ഡിപ്പൊകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങില്ല - സിഎംഡി
തിരുവനന്തപുരം: കെഎസ്ആർടിസി ഡിപ്പൊകളിൽ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങില്ലെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ. യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് കെഎസ്ആർടിസി സിഎംഡി തീരുമാനം അറിയിച്ചത്. കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ബിവറേജസ് കോർപ്പറേഷന് ഔട്ട്‌ലറ്റുകള്‍ തുടങ്ങാനായി നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു ആദ്യം അറിയിച്ചത്. ഇക്കാര്യത്തിലാണ് കൂടുതൽ വ്യക്തത കെഎസ്ആർടിസി എംഡി നൽകിയത്.
ഇപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന കെഎസ്ആർടിസി യുടെ ഉടമസ്ഥതയിലുള്ള 16 സ്ഥലങ്ങളാണ് ബിവറേജസ് കോർപ്പറേഷന് നൽകുന്നത്. ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടങ്ങളൊ, ഡിപ്പൊകളൊ ബിവറേജസ് ഔട്ട്‌ലറ്റ് തുടങ്ങാനായി വിട്ടു നൽകില്ലെന്നും യോഗത്തിൽ സിഎംഡി അറിയിച്ചു.
അതേസമയം കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യവില്‍പന ശാലകള്‍ തുടങ്ങുന്നതില്‍ വ്യത്യസ്ത അഭിപ്രായവുമായി മന്ത്രിമാര്‍ രംഗത്തെത്തി. കെ എസ് ആർ ടി സി ഡിപ്പോകളിലെ മദ്യവിൽപന സംബന്ധിച്ച് ആലോചന നടന്നിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. ഒരു തീരുമാനവും എടുത്തിട്ടില്ല. ഒരു അടിസ്ഥാനവും ഇല്ലാത്ത ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എല്ലായിടത്തും മദ്യക്കടകള്‍ എന്നല്ല, ഒഴിഞ്ഞു കിടക്കുന്ന കടമുറികള്‍ ലാഭകരമാക്കണം എന്ന് മാത്രമാണ് ഉദ്ദേശമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. പണമില്ലാതെ കെ.എസ്.ആര്‍.ടി.സി എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു. കെഎസ്ആർടിസിയുടെ സ്ഥലങ്ങളിൽ ബിവറേജസ് കോർപ്പറേഷന് ഔട്ട്‌ലറ്റുകള്‍ തുടങ്ങാനായി നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജു ആദ്യം അറിയിച്ചത്.