29 August, 2021 12:13:38 PM
ഡിസിസി പുനഃസംഘടന: വിശാലമായ ചർച്ചയാണ് ഉണ്ടായത് - കെ. മുരളീധരൻ

തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഇത്തവണ വിശാലമായ ചർച്ചയാണ് ഇത്തവണ ഉണ്ടായതെന്ന് കെ. മുരളീധരൻ. കൂടുതൽ ജനകീയമായ മുഖമാണ് ഈ പുനഃസംഘടനയിലൂടെ കോണ്ഗ്രസിനുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സ്വഭാവികമായും കോണ്ഗ്രസിനെ പോലെ വിശാലമായ പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. അതിൽ കൂടുതൽ അഭിപ്രായ വ്യത്യാസങ്ങൾ ഇത്തവണ ഉണ്ടായി എന്ന് കരുതുന്നില്ല. സ്വഭാവികമായി ഒരു അഴിച്ചുപണി നടക്കുന്പോൾ കൂടുതൽ ചർച്ച വേണം.
ഇതൊന്നും ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കാവുന്ന ഒരു പട്ടിക അല്ല. അതുകൊണ്ടാണ് വിശാലമായ ചർച്ച ഇത്തവണ ഉണ്ടായതെന്നും മുരളീധരൻ പറഞ്ഞു. ചർച്ച ചെയ്തിട്ടും പ്രശ്നം പരിഹരിക്കുന്നില്ല എന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു. അത് ശരിയല്ല. എല്ലാ കാലഘട്ടങ്ങളിലും ലിസ്റ്റുകൾ ഉദേശിച്ചതുപോലെ പുറത്തുവരുന്നില്ല. പാർട്ടിയിൽ ഗ്രൂപ്പുകൾ ഇല്ലെന്ന് താൻ പറയുന്നില്ല. താൻ തിരിച്ചുവന്നശേഷം ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ല. എല്ലാവർക്കും അവരുടേതായ നിലപാടുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ നിയമിച്ച എല്ലാവരും ആ സ്ഥാനത്തിന് യോഗ്യരാണ്. ചിലർ പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്. അവർ എല്ലാവരും സിനീയേഴ്സ് ആണ്. അവർ നന്നായി പ്രവർത്തിക്കുന്നവരാണ്. പറയുന്നവരുടെ പ്രായം ആരും ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിരന്തരം കെപിസിസി പ്രസിഡന്റും താനുമായി ബന്ധപ്പെട്ടു. സാധാരണയായി പേര് ഉണ്ടെങ്കിൽ തരാനാണ് പറയുന്നത്. എന്നാൽ ഇത്തവണ അങ്ങനെ അല്ല ഉണ്ടായത്. ഒരോ ജില്ലയുടെ കാര്യവും ചർച്ച ചെയ്തു. ഉമ്മൻ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും രാഹുൽ ഗാന്ധി ചർച്ച നടത്തിയിരുന്നു. എല്ലാവർക്കും സ്വീകാര്യമായ പട്ടികയാണ് ഉരിതിരിഞ്ഞുവന്നതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.