29 August, 2021 12:05:41 PM
ഡിസിസി പ്രസിഡന്റ് പ്രഖ്യാപനം: തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു - ഉമ്മൻ ചാണ്ടി

കോട്ടയം: ഡിസിസി പ്രസിഡന്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്ന് ഉമ്മൻ ചാണ്ടി. കോട്ടയം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണ് തന്റെ പേര് വലിച്ചിഴച്ചത്. ഡിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ചോദിച്ചത് പാനലാണ്. അതിനാലാണ് മൂന്ന് പേര് കൊടുത്തത്. നാട്ടകം സുരേഷ്, ഫിൽസണ്‍ മാത്യൂ, ജോമോൻ ഐക്കര എന്നിവരുടെ പേരുകളാണ് നിർദേശിച്ചത്. പാനൽ ചോദിച്ചതുകൊണ്ടാണ് മൂന്നു പേരുടെ പേര് കൊടുത്തത്. അല്ലെങ്കിൽ ചർച്ച ചെയ്തു ഒരു പേര് കൊടുത്തേനെ.
ഇടുക്കിയിലെ പ്രസിഡന്റിനെ താൻ നിർബന്ധിച്ചു വച്ചതാണെന്ന് വാർത്തകൾ വന്നു. അദ്ദേഹത്തെ തനിക്കറിയാം. എന്നാൽ അദ്ദേഹത്തിന്റെ പേര് താൻ പറയുമെന്ന് അദ്ദേഹം പോലും വിചാരിക്കുന്നില്ല. ചില താത്പര്യങ്ങൾക്കുവേണ്ടി ചിലർ വാർത്തകൾ നൽകുന്നവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷൻമാർക്കായി ചർച്ച നടത്തിയില്ല. അതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടെയും ലക്ഷ്യം. ആ ലക്ഷ്യം അനുസരിച്ച് മുന്നോട്ട് പ്രവർത്തിക്കും. ഇതിനുമുൻപും പുനഃസംഘടന നടന്നിട്ടുണ്ട്. അന്നൊക്കെ സംസ്ഥാനത്ത് ഫലപ്രദമായ ചർച്ച നടക്കുന്നതുകൊണ്ട് ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.