24 August, 2021 07:03:01 PM
സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിന്‍റെ അന്തിമ റിപ്പോർട്ട്

തിരുവനന്തപുരം: വിവാദമായ സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസിൻ്റെ അന്തിമ റിപ്പോർട്ട്. വിശദമായ അന്വേഷണം പൂർത്തിയാക്കിയാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തില്‍ അട്ടിമറിയില്ല. ഉദ്യോഗസ്ഥര്‍ക്കും പങ്കില്ല. കത്തിപ്പോയത് അപ്രധാന കടലാസുകളാണ്. ഓഫീസില്‍ മദ്യക്കുപ്പി കണ്ടെത്തിയതില്‍ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
സ്വര്‍ണ്ണക്കടത്ത് കേസ് കത്തി നില്‍ക്കെയാണ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ പരിധിയിലുണ്ടായിരുന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തം സംബന്ധിച്ച് പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണം പൂര്‍ത്തിയായി. അഗ്നിബാധയ്ക്ക് കാരണം ഫാനിന്റെ മോട്ടോര്‍ തകരാര്‍ മൂലം പ്ലാസ്റ്റിക് ഉരുകി കടലാസില്‍ വീണതാണെന്നാണ് അന്തിമ അനുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ടാണ് തയാറാക്കിയത്.
പ്രോട്ടോക്കോള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് അടക്കം തീപിടിത്തവുമായി ബന്ധമില്ല. അഗ്നിബാധയുണ്ടായ ദിവസം ശുചീകരണ തൊഴിലാളികള്‍ മാത്രമാണ് ഓഫീസില്‍ പ്രവേശിച്ചത്. ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്യുന്നതില്‍ തൊഴിലാളികള്‍ക്ക് അശ്രദ്ധയുണ്ടായെന്ന് റിപ്പോര്‍ട്ടിലുണ്ട്. രാവിലെ ഒമ്പതരയ്ക്കാണ് ഫാന്‍ ഓണാക്കിയത്. വൈകിട്ട് മൂന്നരയ്ക്കാണ് തീപിടിത്തമുണ്ടായത്. ഏറെ നേരം ഓണായി കിടന്ന ഫാനിന്റെ മോട്ടോറിന് തകരാര്‍ ഉണ്ടായിരുന്നു.
ചൂട് വര്‍ദ്ധിച്ച് പ്ലാസ്റ്റിക് പുറംചട്ട ഉരുകി തൊട്ടു താഴെയുണ്ടായിരുന്ന കടലാസില്‍ വീണ് തീപിടിച്ചു എന്നാണ് കണ്ടെത്തല്‍. ഇത് തെളിയിക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് & ടെക്‌നോളജീസിലും പരിശോധന നടത്തി. മുപ്പതിനായിരം രൂപ ചെലവഴിച്ചാണ് ഈ പരിശോധന നടത്തിയത്. തീപിടിത്തത്തിന് കാരണം ഫാനിന്റെ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ അല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് മറികടക്കാനാണ് ഈ പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ അടക്കം മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചു. അഗ്നിബാധയുണ്ടായ സമയം ഉദ്യോഗസ്ഥരാരും ഓഫീസില്‍ എത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യകതമാക്കുന്നു.