19 August, 2021 06:50:29 PM
ഏലം കര്‍ഷകരില്‍ നിന്നും പണപ്പിരിവ്; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷന്‍

ഇടുക്കി: ഏലം കര്‍ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തില്‍ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് വനംവകുപ്പ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ചെറിയാന്‍ വി ചെറിയാന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എ രാജു എന്നിവരെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതെന്ന് വനം വകുപ്പ് മന്തി ഏ കെ ശശീന്ദ്രൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഇവർ കുറ്റക്കാരാണെന്ന് ഹൈറേഞ്ച് മേഖല സി സി എഫ് കണ്ടെത്തിയിരുന്നു. ഇതെത്തുടര്‍ന്നാണ് നടപടി. കോട്ടയം റേഞ്ചിലെ കുമിളി പുളിയന്‍മല സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ചെറിയാനും രാജുവും.
രണ്ട് ഉദ്യോഗസ്ഥർക്കെതിരായ നടപടികൊണ്ട് മാത്രം വിഷയം അവസാനിപ്പിക്കില്ലെന്നും, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ഇതിനോടകം നടത്തിയ അന്വഷണത്തിൽ ചെറിയാനും രാജുവിനും പങ്കുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. തങ്ങളെ തിരിച്ചറിയാതിരിക്കാൻ മഫ്തിയിൽ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ് നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാര്‍ഡമം ഹില്‍ റിസര്‍വിലെ നിയമങ്ങള്‍ ആയുധമാക്കിയാണ് ഏലം കര്‍ഷകരില്‍ പണം പിരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. പണം നല്‍കാത്തവരെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ ചീഫ് ഫോറെസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് കര്‍ഷകര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോൾ വനംവകുപ്പ് നടപടി എടുത്തിരിക്കുന്നത്.
മുമ്പും ഏലം കർഷകരിൽ നിന്ന് പണം പിരിച്ചെന്ന പരാതി ലഭിച്ചിരുന്നെങ്കിലും ആരോപണ വിധേയര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ പരാതി ലഭിച്ചതോടെ അടിയന്തിര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ & ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി കെ കേശവന്‍ ഐ എഫ് എസിനെ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചുമതലപ്പെടുത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. കേസ് അന്വേഷിക്കുന്നതിന് പൊലീസിന്റെ സേവനം ആവശ്യമായിവരികയാണെങ്കില്‍ ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.