18 August, 2021 05:51:08 PM


'ചാണകം വിളി നിര്‍ത്തരുത്, തുടരണം'; കേള്‍ക്കുന്നത് അഭിമാനമെന്ന് സുരേഷ് ഗോപി



കൊച്ചി: ചാണകമെന്ന് വിളിക്കുന്നതില്‍ അഭിമാനമെന്ന് നടനും  എംപിയുമായ സുരേഷ് ഗോപി. താനടക്കമുള്ളവരെ ചാണകമെന്ന് വിളിയ്ക്കുന്നത് നിര്‍ത്തരുത് തുടരണം. ശ്രീനാരായണ ഗുരു പോലും ജനനസമയത്ത് ആദ്യം സ്പര്‍ശിച്ചത് ചാണകത്തിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗോസംരക്ഷണ രഥയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. 


ഗോസംരക്ഷണയാത്ര സംസ്ഥാനത്തെ സര്‍വ്വജനങ്ങള്‍ക്കും പ്രചോദനം നല്‍കുമെന്ന് താരം പറഞ്ഞു. പശുസംരക്ഷണത്തിനായുള്ള വലിയ വിളംബരപ്രവര്‍ത്തനം നടക്കും. ഒരുവര്‍ഷം കഴിഞ്ഞ് സമാപിക്കുമ്പോള്‍ കേരളത്തിലെ ജനത ബോധവത്ക്കരിക്കപ്പെടും. പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുപോരുന്ന കൃഷിയും ശുദ്ധ ഭക്ഷണവുമൊക്കെ തിരിച്ചുപിടിയ്ക്കുന്നതില്‍ ഗോസംരക്ഷണം ചാലകശക്തിയാവും.- സുരേഷ് ഗോപി പറഞ്ഞു, 


രഥയാത്രയിലൂടെ അമ്മ ഭക്ഷണത്തിന്റെ അന്തസത്ത തിരിച്ചുപിടിയ്ക്കാനാവും. മനുഷ്യന്റെ ജനിതക സംരക്ഷണത്തിന് ഉതകുന്നതാവും ഗോസംരക്ഷണത്തിനായി കൈക്കൊള്ളുന്ന ഓരോ ചുവടുവെയ്പ്പുകളെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാനത്ത് പശുസംരക്ഷണവും  ഗോക്കളുടെ വർധനവും ലക്ഷ്യമിട്ട് ഒരു വര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര അടുത്തവര്‍ഷം പാവക്കുളം ക്ഷേത്രത്തില്‍ തന്നെ സമാപിക്കും .സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പിയടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.


സഹായത്തിനായി വിളിച്ച ഇ ബുള്‍ ജെറ്റ് ആരാധകനോടുള്ള സുരേഷ് ഗോപിയുടെ മറുപടിയും ചാണകവുമായി ബന്ധപ്പെടുത്തി  വൈറല്‍ ആയിരുന്നു. പെരുമ്പാവൂര്‍ എറണാകുളത്ത് നിന്നുള്ള കുറച്ചു പേരാണ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന പേരില്‍ സുരേഷ്ഗോപിയെ വിളിച്ചത്. ആദ്യം പറഞ്ഞപ്പോള്‍ താരത്തിനും സംഗതി വ്യക്തമായില്ല. ഇ ബുള്‍ ജെറ്റോ എന്നാണ് അദ്ദേഹം ആദ്യം ചോദിക്കുന്നത്.  പിന്നീട് വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ പോലീസ് അറസ്‌ററ് ചെയ്‌തെന്നും, സാര്‍ ഇടപെടണമെന്നും പറയുന്ന ആരാധകനോട് പ്രശ്‌നം കേരളത്തിലല്ലേ നടക്കുന്നത്, നിങ്ങള്‍ നേരെ മുഖ്യമന്ത്രിയെ വിളിക്കു എന്നാണ് സുരേഷ് ഗോപിയുടെ മറുപടി. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാം മുഖ്യ മന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴില്‍ ആണെന്നും അദ്ദേഹം പറയുന്നു.


അതു കഴിഞ്ഞ് സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ലേ എന്ന ആരാധകന്റെ ചോദ്യത്തിനുള്ള താരത്തിന്റെ പ്രതികരണമാണ്  വൈറല്‍ ആയത്. എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല ഞാൻ ചാണകമല്ലേ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. താൻ ഒരു ബി ജെ പി പ്രവർത്തകനാണെന്നും തന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂവെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇങ്ങനെ ആയിരുന്നു അന്നത്തെ പ്രതികരണം.


'അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്. ലോകം മുഴുവന്‍ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയാണ്. അഴിമതി രഹിതമായ ഭരണനിര്‍വഹണം പൗരന്റെ അവകാശമാണെന്നു കരുതുന്ന മോദിയുടെ ശിഷ്യനാണ്. ഞാന്‍ ബിജെപി പ്രവര്‍ത്തകനാണ് അതിനെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോള്ളൂ. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട് അതൊന്നു പോയി നോക്കൂ. അവിടെ ഇപ്പോഴും ചാണകം കൊണ്ടാണ് തറ മെഴുകിയത്. അതാണ് നമ്മള്‍. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ നമ്മള്‍ മെഴുകിയത്'- സുരേഷ് ഗോപി പറഞ്ഞു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K