15 August, 2021 02:26:56 PM


ജനകീയാസൂത്രണ രജതജൂബിലി ആഘോഷം: തോമസ് ഐസക്കിന് അവഗണന; പ്രാസംഗികരിൽ ഇടം താഴെ



തിരുവനന്തപുരം: ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി ആഘോഷ ചടങ്ങിൽ പദ്ധതിക്ക് ചുക്കാൻ പിടിച്ച മുൻ ധനമന്ത്രി തോമസ് ഐസക്കിന് കടുത്ത അവഗണന. പദ്ധതി രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച തോമസ് ഐസക്കിന് 35 പേരുള്ള പ്രാംസിഗകരുടെ പട്ടികയിൽ 31-ാം സ്ഥാനം മാത്രമാണ് നൽകിയിരിക്കുന്നത്. സിഎംപിയുടെയും നിയമസഭയിൽ പ്രാതിനിധ്യമില്ലാത്ത ജനാധിപത്യ കേരള കോൺഗ്രസ്(സ്കറിയ തോമസ്) പ്രതിനിധികൾക്കും താഴെയാണ് തോമസ് ഐസക്കിന്‍റെ സ്ഥാനം.


ഓഗസ്റ്റ് 17 ചൊവ്വാഴ്ച വൈകിട്ട് 4.30ന് ഗോർഖി ഭവനിലെ സി ഡിറ്റ് സ്റ്റുഡിയോയിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. സ്പീക്കർ എം ബി രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രൻ എന്നിവർക്കൊപ്പം 1996ൽ പദ്ധതി നടപ്പാക്കുമ്പോൾ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായിരുന്ന പാലൊളി മുഹമ്മദ് കുട്ടിയും മുഖ്യ പ്രാസംഗകരിൽ ഇടംനേടിയിട്ടുണ്ട്.


പദ്ധതി ആവിഷ്ക്കരിച്ച ഡോ. ടി എം തോമസ് ഐസക്കിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും 35 പ്രാസംഗകരിൽ 31-ാംസ്ഥാനമാണ് നൽകിയിരിക്കുന്നത്. മുൻ ആസൂത്രണ ബോർഡ് അംഗം എന്ന നിലയിൽ മാത്രമാണ് ഐസക്കിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്. 1996ൽ ജനകീയാസൂത്രണ പദ്ധതി ആവഷിക്കരിക്കുന്നത് തോമസ് ഐസക് അധ്യക്ഷനായ സമിതിയാണ്. മുൻ ആസൂത്രണ ബോർഡ് അംഗം ഇ എം ശ്രീധരനും ഈ സംഘത്തിലുണ്ടായിരുന്നു. പിന്നീട് പത്തു വർഷത്തോളം സംസ്ഥാനത്തെ ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക് ജനകീയാസൂത്രണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K