14 August, 2021 05:54:26 PM
പരസ്യ പ്രസ്താവന; കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിന് സസ്പെൻഷൻ
ന്യൂഡൽഹി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ പ്രവര്‍ത്തിച്ചവരെ കെപിസിസി പുനസംഘടന പട്ടികയില്‍ ഉള്‍പെടുത്തിയതായി പരസ്യ ആരോപണം ഉന്നയിച്ച കെപിസിസി സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ഇക്കാര്യം ഡൽഹിയിൽ മാധ്യമപ്രവർത്തകരെ അറിയിച്ചത്.
ആറുമാസത്തേക്കാണ് സസ്പെൻഷൻ. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനാണ് നടപടിയെന്നും സുധാകരൻ പറഞ്ഞു. ജില്ലയിലെ പ്രമുഖനായ എ ഗ്രൂപ്പ് നേതാവാണ് പി എസ് പ്രശാന്ത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി പി എസ് പ്രശാന്ത് ആരോപണം ഉന്നയിച്ചത്. പി എസ് പ്രശാന്തിന് സമാനമായി പലനേതാക്കളും നേതൃത്വത്തെ വെല്ലുവിളിച്ച് തുറന്നുപറച്ചില്‍ നടത്തുമെന്നാണ് സൂചന. ഇത് മുൻകൂട്ടി കണ്ടാണ് ഉടനടി പ്രശാന്തിനെ സസ്പെന്റ് ചെയ്തത്. കൂടുതൽ നേതാക്കൾ പരസ്യപ്രസ്താവനയുമായി വരുന്നത് തടയുകയാണ് ഇതിലൂടെ കെപിസിസി നേതൃത്വം ലക്ഷ്യമിടുന്നത്.
നെടുമങ്ങാട് മണ്ഡലത്തിലെ തന്റെ മുന്‍ഗാമി പാലോട് രവിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് പി എസ് പ്രശാന്ത് പരസ്യമായി പറഞ്ഞിരുന്നു. പാലോട് രവി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തേല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നതാണ്. മുന്‍ നെടുമങ്ങാട് എംഎല്‍എ കൂടിയായ പാലോട് രവി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായില്ലെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടുകള്‍ ഭിന്നിപ്പിക്കാനും ശ്രമിച്ചെന്നാണ് ആരോപണം. ഡിസിസി പുനസംഘടനയില്‍ പാലോട് രവിയുടെ പേര് സജീവമായി പരിഗണിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ ഡിസിസി പ്രസിഡന്റ് സാദ്ധ്യതാ പട്ടികയില്‍ പാലോട് രവിയുടെ പേര് സജീവമായതോടെയാണ് എതിര്‍പക്ഷവും നീക്കമാരംഭിച്ചത്.