10 August, 2021 08:28:51 PM


'മദ്യം വാങ്ങുന്നവർ കന്നുകാലികളോ? ആർടിപിസിആർ നിർബന്ധമാക്കണം' - ഹൈക്കോടതി



കൊച്ചി: മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെയാണ് അധികൃതർ കാണുന്നതെന്ന് ഹൈക്കോടതിയുടെ വിമർശനം. സർക്കാർ പുതിയതായി നടപ്പാക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപനശാലകൾക്ക് ബാധകമാക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. കടകളില്‍ പോകുന്നവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിർദ്ദേശിച്ചു.


കടകളിലും മറ്റു സ്ഥാപനങ്ങളിലും നടപ്പാക്കുന്ന കോവിഡ് മാർഗനിർദേശങ്ങൾ മദ്യവിൽപനശാലകളിലും നടപ്പാക്കുന്നതിനെ കുറിച്ച് സർക്കാർ നാളെ നിലപാട് അറിയിക്കണമെന്നും കോടതി നിർദേശിച്ചു. മദ്യം വാങ്ങേണ്ടതിനാൽ കൂടുതൽ പേർ വാക്സിനെടുക്കാൻ തയ്യാറാകുമെന്നും കോടതി ചൂണ്ടിക്കാണിച്ചു. കന്നുകാലികളോട് പെരുമാറുന്നതുപോലെയാണ് ബെവ്കോയില്‍ എത്തുന്നവരോട് പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു.

ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത രേഖയോ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്‌സീന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്‌സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാൻ ഇത് സഹായിക്കും. സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നില്‍ ഇപ്പോഴും വലിയ ആൾക്കൂട്ടമാണെന്നും, ഇത് താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും കോടതി നിർദേശിച്ചു. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നില്ലെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.


സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി വിമർശിച്ചിരുന്നു. വിൽപ്പനശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവർക്ക് ഭീതി ഉണ്ടാകുന്നതായും കോടതി നിരീക്ഷിച്ചു. വില്‍പ്പനശാലകൾ തുറക്കുമ്പോൾ കുറേകൂടി മെച്ചപ്പെട്ട രീതിയിൽ വേണം വില്‍പ്പനയെന്നും കോടതി പറഞ്ഞു.


മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ പ്രവർത്തന സമയം കൂട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ ഒൻപത് മണിക്ക് വില്‍പ്പനശാലകളും ബാറുകളും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന 96 വില്‍പ്പനശാലകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിലെ എക്സൈസ് കമിഷണറുടെ ഇടപെടലിനെ കോടതി പ്രശംസിച്ചു. സർക്കാർ സ്വീകരിച്ച നടപടികൾ തൃപ്തികരമാണെന്നും കോടതി പറഞ്ഞിരുന്നു. തുടർന്നാണ് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയ ശേഷം വിമർശനം ആവർത്തിച്ചത്.


സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ എണ്ണം താരതമ്യേന കുറവാണെന്നും ചെറിയ പ്രദേശമായ മാഹിയില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഔട്ട്ലെറ്റുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.


മറ്റു സംസ്ഥാനങ്ങളേക്കാള്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം കുറവായ സാഹചര്യത്തിൽ, ഉപയോക്താക്കള്‍ക്ക് അന്തസോടെ മദ്യം വാങ്ങാന്‍ പര്യാപ്തമായ രീതിയില്‍ മദ്യം വാങ്ങാന്‍ അവസരം നല്‍കിക്കൂടേയെന്ന് നേരത്തെ ഹർജി പരിഗണിയ്ക്കുന്നതിനിടെ കോടതി ചോദിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നിലെ അനിയന്ത്രിത ആള്‍ക്കൂട്ടത്തെ ഹര്‍ജിയില്‍ വാദം കേട്ടപ്പോള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


കോവിഡ് മാനദണ്ഡങ്ങള്‍ മൂലം വിവാഹച്ചടങ്ങുകളില്‍ 20 പേര്‍ മാത്രം പങ്കെടുക്കുമ്പോള്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ക്കു മുന്നില്‍ അഞ്ഞൂറിലധികം പേര്‍ തടിച്ചുകൂടുകയാണെന്ന് കോടി ചൂണ്ടിക്കാട്ടി. വാരാന്ത്യ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ക്ക് മുന്നോടിയായുള്ള വെള്ളിയാഴ്ചകളില്‍ അനിയന്ത്രിതമായ തിരക്കാണ് രൂപപ്പെടുന്നത്. ആളുകള്‍ കൂട്ടയടി നടത്തുമ്പോള്‍ ഒരു മീറ്റര്‍ അകലമെന്ന കോവിഡ് മാനദണ്ഡം ജലരേഖയായി മാറുകയാണ്. പരസ്പരമുള്ള സ്പര്‍ശനത്തിലൂടെയും അന്തരീക്ഷത്തിലൂടെയും കോവിഡ് പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഏറുകയാണെന്നും കോടതി നിരീക്ഷിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K