06 August, 2021 08:32:45 AM
മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷം: കുഞ്ഞാലിക്കുട്ടിയും ഇ.ടിയും മലപ്പുറത്ത്
മലപ്പുറം: മുസ്ലിം ലീഗില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് അടിയന്തര നേതൃയോഗം ചേരുന്നു. മുഈന്‍ അലി തങ്ങളുടെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് നിര്‍ണായക യോഗം ചേരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും യോഗത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തെത്തി. അതേസമയം ഹൈദരലി ശിഹാബ് തങ്ങള്‍ ഇന്ന് യോഗത്തില്‍ ഹാജരാകില്ല. തങ്ങള്‍ ചികിത്സയിലാണെന്നാണ് വിശദീകരണം.
മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.പി കെ കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍. നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉന്നയിച്ചത്.
ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മായീന്‍ അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
എന്നാല്‍ മുഈന്‍ അലിയുടെ വാര്‍ത്താസമ്മേളനത്തില്‍ പ്രവര്‍ത്തകര്‍ കയര്‍ത്തുസംസാരിച്ചതോടെ ബഹളമായി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. ഷെമീറിനെ അന്ധമായി വിശ്വസിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു കാരണമെന്ന് മുഈന്‍ അലി കുറ്റപ്പെടുത്തി. കെ ടി ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു മുഈന്‍ അലിയുടെ പരമാര്‍ശങ്ങള്‍. ലീഗ് നേതൃത്വം സമീപകാലത്ത് നേരിടുന്ന ഗുരുതരമായ ആരോപണമാണ് പാണക്കാട് കുടുംബത്തില്‍ നിന്നുമുണ്ടായത്.