03 August, 2021 05:47:36 PM


കള്ളപ്പണ നിക്ഷേപം; കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ആരോപണവുമായി കെ.ടി ജലീല്‍



മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകനെതിരെ ആരോപണവുമായി കെ.ടി ജലീല്‍. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് സഹകരണബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന് ജലീല്‍ നിയമസഭയിൽ ആരോപിച്ചു. പാലാരിവട്ടം പാലത്തിന്‍റെ ഓഹരി മലപ്പുറത്തെത്തിയതും, പാണക്കാട് കുടുംബത്തില്‍ ഇ.ഡി അന്വേഷിച്ചെത്തിയതിനും കാരണക്കാരന്‍ കുഞ്ഞാലിക്കുട്ടിയാണ്.

ആദായനികുതി വകുപ്പ് കണ്ടെത്തിയതില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും ജലീല്‍ പറഞ്ഞു. ജലീല്‍ പറയുന്നത് വാസ്തവമില്ലാത്ത കാര്യങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ലീഗിനെ രണ്ട് പറഞ്ഞില്ലെങ്കില്‍ ജലീലിന് അഡ്രസില്ല. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. പണത്തിന്‍റെ എല്ലാ രേഖകളും കയ്യിലുണ്ട്. മകന്‍റെ പേരില്‍ പത്ത് പൈസയുണ്ടെങ്കില്‍ അത് എന്‍.ആര്‍.ഐ അക്കൗണ്ട് ആണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ജലീലിന്‍റെ അടുത്ത് രേഖ കൊണ്ടുപോവേണ്ട ആവശ്യമില്ല. രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാമെന്നും ജലീലിന് നല്‍കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്‍റെ പിറകിലായിരുന്നെങ്കില്‍ ഇനി ഞാന്‍ നിങ്ങളുടെ പിറകിലുണ്ടാവുമെന്നും ജലീല്‍ മറുപടി നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K