26 July, 2021 07:46:40 PM


ലക്ഷ്യം 198 പ്രദര്‍ശനങ്ങള്‍; അപൂര്‍വ നാണയശേഖരവുമായി അരവിന്ദാക്ഷന്‍ യാത്ര തുടരുന്നു

- സ്വന്തം ലേഖകന്‍




കോട്ടയം: തിരക്കേറിയ തെരുവോരങ്ങളിലൂടെ അരവിന്ദാക്ഷന്‍റെ യാത്ര തുടരുകയാണ് - വിവിധ രാജ്യങ്ങളിലെ നാണയങ്ങളുടെയും കറന്‍സികളുടെയും അപൂര്‍വ്വശേഖരവുമായി. 2015 ഏപ്രില്‍ 10ന് എറണാകുളം കാക്കനാട്ട് ബസ് സ്റ്റോപ്പില്‍ ആരംഭിച്ച പ്രദര്‍ശനം കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെത്തിയപ്പോള്‍ അത് 150-ാമത് സ്ഥലത്താണ് എന്ന പ്രത്യേകതയുമുണ്ട്. എം.സി.റോഡില്‍ ഏറ്റുമാനൂര്‍ തിരുഏറ്റുമാനൂരപ്പന്‍ ബസ്‌ബേയിലാണ് അപൂര്‍വ്വനിധിയായി കാക്കുന്ന നാണയങ്ങളുടെയും കറന്‍സികളുടെയും പ്രദര്‍ശനം അരവിന്ദാക്ഷന്‍ ആരംഭിച്ചത്. 


198 രാജ്യങ്ങളിലെ നാണയശേഖരവുമായി 198 സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കുക എന്നതാണ് എറണാകുളം ജില്ലയില്‍ ഉദയംപേരൂര്‍ പത്താംകുഴിയില്‍ പി.പി. അരവിന്ദാക്ഷന്റെ ലക്ഷ്യം. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും തമിഴ്‌നാട്ടില്‍ കന്യാകുമാരിയിലും ഇതിനോടകം വഴിയോരപ്രദര്‍ശനവുമായി അരവിന്ദന്‍ എത്തി. അരവിന്ദന്റെ ശേഖരത്തില്‍നിന്ന് ധാരാളം പേര്‍ പഴയകാല നാണയങ്ങളും കറന്‍സികളും വിലകൊടുത്തുവാങ്ങുന്നു. ഒപ്പം അപൂര്‍വ്വ നാണയങ്ങളും കറന്‍സികളുമായി എത്തുന്നവരോട് മോഹവില നല്‍കി അരവിന്ദാക്ഷന്‍ അവ വാങ്ങുകയും ചെയ്യുന്നുണ്ട്.



നാണയശേഖരണവും പ്രദര്‍ശനവും വെറും കൗതുകത്തിനപ്പുറം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഈ 66 കാരന്‍. സാമ്പത്തികമായി അരവിന്ദാക്ഷന് നേട്ടം കുറവാണെങ്കിലും പ്രദര്‍ശനം കാണാനെത്തുന്നവരെ അറിവിന്റെ ലോകത്തേക്ക് നയിക്കുകയാണ് ഇദ്ദേഹം. ഓരോ നാണയത്തിന്റെയും കറന്‍സിയുടെയും പ്രത്യേകതകള്‍ ചരിത്രം ഉള്‍പ്പെടെ അരവിന്ദാക്ഷന്‍ വിവരിച്ചുനല്‍കുന്നു. കറന്‍സികള്‍ പ്ലാസ്റ്റിക് കൂടുകളിലാക്കി മാലപോലെ തൂക്കിയിട്ടും നാണയങ്ങളും പുരാതനവസ്തുക്കളും നിലത്ത് മനോഹരമായി നിരത്തിവെച്ചുമാണ് പ്രദര്‍ശനം. ഇതുകൂടാതെ ആല്‍ബമായും ഇവ സൂക്ഷിച്ചിരിക്കുന്നു. 


പുരാവസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തുകയായിരുന്നു അരവിന്ദാക്ഷന്റെ ആദ്യകാല തൊഴില്‍. ഇതിനിടയിലാണ് നാണയശേഖരത്തോട് കമ്പം തോന്നിയത്. ഇതിനിടെ പുരാവസ്തുവില്‍പനശാലക്ക് പൂട്ടുവീണു. ഇതോടെ നാണയപ്രദര്‍ശനവുമായി അരവിന്ദാക്ഷന്‍ തെരുവിലിറങ്ങുകയായിരുന്നു. വിവിധ രാജ്യങ്ങളിലെതുകൂടാതെ തിരുവിതാംകൂര്‍, ഡച്ച്, ഈസ്റ്റിന്ത്യാകമ്പനി, മുഗള്‍, ചോളരാജഭരണകാലത്തെ നാണയങ്ങളും അരവിന്ദാക്ഷന്റെ അമൂല്യശേഖരത്തിലുണ്ട്. 1635ലെ വിഓസി നാണയം മുതല്‍ ഇരുപതിനായിരത്തിലധികം നാണയങ്ങളാണ് അരവിന്ദാക്ഷന്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.


ഒട്ടേറെ വിദേശകറന്‍സികളും നാണയങ്ങളും അരവിന്ദാക്ഷന് സുഹൃത്തുക്കള്‍ സമ്മാനിച്ചതാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് റോമിലെ പുരാതനനാണയം സ്വന്തമാക്കാനായത്. തുര്‍ക്കി, യുഗോസ്ലാവിയ എന്നി രാജ്യങ്ങളിലുണ്ടായിരുന്ന പത്ത് കോടിയുടെ കറന്‍സിയും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ കാണാം. റിസര്‍വ്വ് ബാങ്ക് ഇന്ന് വരെ പുറത്തിറക്കിയ എല്ലാ നാണയങ്ങളും കറന്‍സികളും പ്രദര്‍ശനത്തില്‍ കാണാം. ഓരോ രാജ്യത്തെയും പണമിടപാടുകളേയും കറന്‍സി പരിവര്‍ത്തനത്തെയും കുറിച്ച് ധാരണയുള്ള അരവിന്ദാക്ഷന്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രദര്‍ശനത്തോടൊപ്പം ക്ലാസുകളും എടുത്തിട്ടുണ്ട്. 


തന്‍റെ ശേഖരത്തിലുള്ള പുരാവസ്തുക്കളും മുഴുവന്‍ നാണയങ്ങളും ഇവിടെ എത്തിക്കാനായിട്ടില്ലെന്നും അരവിന്ദാക്ഷന്‍ കൈരളി വാരര്‍ത്തയോട് പറഞ്ഞു. അപൂര്‍വ്വ നാണയങ്ങളും കറന്‍സികളും ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവ കരസ്ഥമാക്കാന്‍ എത്ര യാത്രചെയ്യാനും അരവിന്ദന്‍ തയ്യാര്‍. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള നോട്ടുകളിലും അപൂര്‍വ്വതയുണ്ടെന്ന് അരവിന്ദാക്ഷന്‍ ചൂണ്ടികാട്ടുന്നു. അത്തരം നോട്ടുകള്‍ ലഭിച്ചാല്‍ മൂന്നിരട്ടി വില നല്‍കാന്‍ തയ്യാറാണെന്നും അരവിന്ദാക്ഷന്‍ പറയുന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K