22 July, 2021 05:21:19 PM


വെബ്‌സൈറ്റ് തട്ടിപ്പ്; ഗോ ഡാഡിക്ക് നോട്ടിസ്; യുഎഇ എംബസിക്ക് കേരളാ പൊലീസിന്‍റെ കത്ത്



പാലക്കാട്: യുഎഇ വെബ്‌സൈറ്റ് തട്ടിപ്പിൽ സൈബർ പൊാലീസിന്റെ ശക്തമായ നടപടി. വെബ്‌സൈറ്റ് വ്യാജമാണെന്നും തട്ടിപ്പിനായി ഉണ്ടാക്കിയതാണെന്നും കണ്ടെത്തി. തുടർന്ന് യുഎഇ എംബസിക്ക് കേരളാ പൊലീസ് കത്തയച്ചു. വെബ്‌സൈറ്റ് ഡോമെയിൻ നൽകിയ ഗോ ഡാഡിക്ക് പൊലീസ് നോട്ടിസ് അയച്ചു. 

പാലക്കാട്: സൈബർ സ്റ്റേഷനിലാണ് വ്യാജ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട് കേസ് എടുത്തിരിക്കുന്നത്. വ്യാജ യുഎഇ വെബ്‌സൈറ്റ് നിരോധിക്കാൻ ഗോ ഡാഡിക്ക് കേരളാ പൊലീസ് നിർദേശം നൽകി. യുഎഇ എംബസിയുടെ പേരിൽ https://www.uaeembassy.in/ എന്ന വ്യാജ വെബ്‌സൈറ്റ് നിർമിച്ചാണ് വന്‍ തട്ടിപ്പ് അരങ്ങേറിയത്. യാത്രാ വിലക്ക് നീങ്ങിയാൽ യുഎഇയിലേക്ക് പോവാൻ എംബസിയുടെ അനുമതി വേണമെന്ന പേരിലാണ് തട്ടിപ്പ് നടക്കുന്നത്.


ഒറ്റ നോട്ടത്തിൽ ആർക്കും ഇത് യുഎഇ ഭരണകൂടത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് ആണെന്നെ തോന്നു. എന്നാൽ ഈ വെബ്‌സൈറ്റിലേക്ക് യാത്ര പ്രതിസന്ധിയിൽ അകപ്പെട്ട ഒരു പ്രവാസി എത്തിയാൽ പിന്നെ പോകുന്നത് തട്ടിപ്പ് കെണിയിലേക്കാണ്. ആദ്യം യാത്ര വിവരങ്ങൾ വിശദാംശങ്ങൾ മെയിൽ ചെയ്യാൻ ആവശ്യപ്പെടും. അഡ്മിൻ യുഎഇ എംബസി ഡോട്ട് ഇൻ എന്ന മെയിലിലേക്ക് എല്ലാ രേഖകളും അയക്കാൻ ആവശ്യപ്പെടും. 


പാസ്‌പോർട്ട് രേഖകൾ ഉൾപ്പെടെ കിട്ടി കഴിഞ്ഞാൽ പിന്നീട് എംബസി ഫീസ് എന്ന പേരിൽ പതിനാറായിരത്തി ഒരുന്നൂറ് രൂപ അക്കൗണ്ടിൽ ഇടാൻ ആവശ്യപ്പെട്ട് മെയിൽ വരും. ഡൽഹിയിലെ ഒരു വീരു കുമാറിന്‍റെ എസ്ബിഐ അക്കൗണ്ടിലേക്കാണ് പണം ഇടേണ്ടത്. പണം നഷ്ടമാവുന്നതിനോടൊപ്പം പ്രവാസികളുടെ പാസ്‌പോർട്ടും യുഎഇ ഐഡിയുമെല്ലാം ഈ ഹൈടെക് കൊള്ള സംഘം തട്ടി എടുക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾ ഇപ്പോഴും തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.


വാർത്ത പുറത്ത് വന്നതിന് പിന്നാലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാർത്തയിൽ നേരിട്ട് ഇടപെട്ടു. വിഷയത്തിൽ അടിയന്തര നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി വി.മരുളീധരൻ അറിയിച്ചു. തട്ടിപ്പ് വിവരം യുഎഇ അധികൃതരെ ഔദ്യോഗികമായി അറിയിക്കുമെന്ന് മന്ത്രി വി മുരളീധരൻ അറിയിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K