22 July, 2021 04:04:49 PM
പ്രതിയെ രക്ഷപെടുത്താൻ ശ്രമിച്ചു; മന്ത്രി ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി
കൊല്ലം: കുണ്ടറ പീഡന പരാതിയിൽ വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരെ യുവതിയുടെ മൊഴി. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കടയിലേക്ക് വിളിച്ചുവരുത്തി എൻസിപി നേതാവ് അപമാനിച്ചതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപകരമായ പ്രചാരണം നടത്തിയതിനെക്കുറിച്ചും മൊഴിയെടുത്തു.
പീഡന കേസ് ഒത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണ് മന്ത്രി ഇടപെട്ടത്. ഇത് പീഡനക്കേസിലെ പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ്. അതുകൊണ്ട് തന്നെ കേസില്‍ മന്ത്രിയും കുറ്റക്കാരനാണെന്നും മന്ത്രിക്കെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണ വിധേയനായ ജി. പത്മാകരൻ, കുണ്ടറ സ്വദേശിയായ രാജീവ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പത്മാകരൻ തന്റെ കൈയിൽ കയറി പിടിച്ചെന്നും വാട്സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പരാതിക്ക് ശേഷം 24-ാം ദിവസമാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നത്.
പത്മാകരൻ നടത്തുന്ന ഹോട്ടലിലെത്തിയ തന്നെ കൈയ്ക്ക് പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവതി കുണ്ടറ പോലീസ് സ്റ്റേഷനിൽ ജൂൺ 27 ന് നൽകിയ പരാതി. പരാതി നൽകിയതിനു ശേഷം പലതവണ സ്ത്രീ പോലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും എഫ്ഐആർ ഇടുകയോ മൊഴിയെടുക്കുകയൊ ചെയ്തിരുന്നില്ല.
പരാതിയിൽ പറയുന്ന സംഭവങ്ങൾ നടന്ന സമയത്തെ പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാൽ മന്ത്രി എ.കെ. ശശീന്ദ്രന്റെ കേസിലെ ഇടപെടൽ പുറത്തു വന്നതോടെ പോലീസ് ചൊവ്വാഴ്ച കേസെടുക്കുകയായിരുന്നു. ലോട്ടറിവില്പന നടത്തുന്ന സ്ത്രീ കുണ്ടറ പെരുമ്പുഴയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.