20 July, 2021 12:40:13 PM
പൂജപ്പുര സെൻട്രൽ ജയിലിൽ വീണ്ടും ഭീഷണിയെന്ന് സരിത്ത്; വിധി വെള്ളിയാഴ്ച
കൊച്ചി: എൻ ഐ എ കോടതിയിൽ രഹസ്യമൊഴി നൽകിയതിന് ശേഷവും ജയിലിൽ ഭീഷണിയെന്ന് സരിത്. എറണാകുളം എ സി ജെ എം കോടതിയും സരിത്തിന്റെ മൊഴിയെടുത്തു. പരാതിയിൽ വാദം കേട്ട കൊച്ചി എൻ ഐ എ കോടതി വെള്ളിയാഴ്ച വിധി പറയും. എൻ ഐ എ കോടതിയിൽ നൽകിയ മൊഴിയിൽ കൂടുതലായി എന്തെങ്കിലും അറിയിക്കാനുണ്ടോയെന്ന് എ സി ജെ എം കോടതി ആരാഞ്ഞപ്പോഴാണ് മറ്റ് ചില പരാതികൾ കൂടി ബോധിപ്പിക്കാനുണ്ടെന്ന് സരിത് അറിയിച്ചത്.
തുടർന്ന് ഉച്ചയ്ക്ക് ശേഷം ജഡ്ജിയുടെ ചേംബറിൽ വിളിച്ചുവരുത്തിയാണ് സരിത്തിന് പറയാനുള്ളത് കോടതി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം കൊച്ചി എൻ ഐ എ കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷവും പരാതി നൽകിയതിന്റെ പേരിൽ പൂജപ്പുര സെൻട്രൽ ജയിലിൽ സരിത്തിന് ഭീഷണിയുണ്ടായതായാണ് വിവരം. നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ബി ജെ പി - കോൺഗ്രസ് നേതാക്കളുടെ പേര് പറയാനാവശ്യപ്പെട്ടായിരുന്നു ജയിലിൽ സരിത്തിന് ഭീഷണിയും, സമ്മർദ്ദവുമുണ്ടായതെന്നായിരുന്നു പരാതി. ജീവൻ പോലും അപകടത്തിലാണെന്ന പരാതി സരിത്ത് എറണാകുളം എ സി ജെ എം കോടതിയിലും കൊച്ചി എൻ ഐ എ കോടതിയിലും നൽകിയതിനെ തുടർന്നാണ് രണ്ട് കോടതികളും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
കോടതി ജയിൽ അധികൃതരുടെ റിപ്പോർട്ടും തേടിയിരുന്നു. സരിത്തിന്റെ പരാതിയിൽ ഇന്നും വാദം കേട്ട കൊച്ചി എൻ ഐ എ കോടതി വെള്ളിയാഴ്ച വിധി പറയും. കോടതിയിൽ സരിത്ത് നൽകിയ രഹസ്യമൊഴി പ്രകാരം കുറ്റകൃത്യം നടന്നതായി കാണുന്നുണ്ടെങ്കിൽ തുടർ നിയമനടപടികൾക്കായി അനുവദിക്കണമെന്നും ജയിലിൽ സുരക്ഷ ഉറപ്പാക്കാൻ ഉത്തരവിടണമെന്നും സരിത്തിന്റെ അഭിഭാഷകൻ വാദിച്ചു. ജയിൽ ഉദ്യോഗസ്ഥർക്കെതിരെ തെറ്റായ പരാതിയാണ് സരിത് ഉയർത്തുന്നതെന്നും പൂജപ്പുര സെൻട്രൽ ജയിലിലെ കൊഫേ പോസ പ്രതികളിൽ പലരും സ്ഥിരം പ്രശ്നക്കാരാണെന്നുമായിരുന്നു ജയിൽ സുപ്രണ്ടിന്റെ റിപ്പോർട്ട്.
ജയിലിൽ ഉദ്യോഗസ്ഥരുടെ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട സരിത്തിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ജയിൽ ഡി ജി പി യുടെ റിപ്പോർട്ട്. പ്രതികളുടെ ജയിലിലെ സ്വഭാവദൂഷ്യത്തിന് സി സി ടി വി ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് ജയിൽ ഡി ജി പി. റിപ്പോർട്ട് നൽകിയിട്ടുണ്ട്.സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തിനും കെ ടി റമീസിനുമെതിരെയായിരുന്നു ആരോപണങ്ങൾ. റിപ്പോർട്ട് കൊച്ചി എൻ ഐ എ കോടതിയിലും സമർപ്പിച്ചിട്ടുണ്ട്. കള്ളമൊഴി നൽകാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കൊച്ചി എൻ ഐ എ കോടതി സരിത്തിന്റെ മൊഴി രഹസ്യമായി രേഖപ്പെടുത്തിയ ശേഷം ജയിൽ അധികാരികളിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.
കോടതി നിർദ്ദേശപ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കൊഫേപോസ ചുമത്തപ്പെട്ട സരിത്തും റമീസും സ്ഥിരം പ്രശ്നക്കാരാണെന്ന് വ്യക്തമാക്കുന്നത്. തടവിലുള്ള പൂജപ്പുര സെൻട്രൽ ജയിലിൽ ജീവന് ഭീഷണിയുണ്ടെന്നും കള്ളമെഴി നൽകാൻ ജയിൽ സുപ്രണ്ടും മറ്റ് മൂന്ന് ഓഫീസർമാരും നിരന്തരം സമ്മർദ്ദം ചെലുത്തുന്നുവെന്നുമായിരുന്നു സരിത്തിന്റെ പരാതി. ഇതേ പരാതിയെ തുടർന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ നേരത്തെ സമർപ്പിച്ച റിപ്പോർട്ടിന് സമാനമായ റിപ്പോർട്ടാണ് കൊച്ചി എൻ ഐ എ കോടതിയിലും ജയിൽ അധികൃതർ നൽകിയത്.