19 July, 2021 02:27:30 PM
സുപ്രീംകോടതി ജഡ്ജിയുടെ ഫോണ്‍ ചോര്‍ത്തുമ്പോള്‍ സാധാരണക്കാരുടെ കാര്യം എന്താവും? - ചെന്നിത്തല
തിരുവനന്തപുരം: സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ പോലും ചോര്‍ത്തുന്ന ഒരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോള്‍ സാധാരണക്കാരന്‍റെ സ്വകാര്യതയ്ക്ക് എത്ര സുരക്ഷ ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പെഗാസസ് എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ചോര്‍ത്തിയത് രണ്ടു കേന്ദ്ര മന്ത്രിമാരുടെയും, മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും, നാല്‍പതിലേറെ മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ സംഭാഷണങ്ങളാണ്.
സര്‍ക്കാരുകള്‍ക്ക് മാത്രമാണ് പെഗാസസ് സേവനം നടത്തുന്നത്. ഇതില്‍ നിന്നും മോഡി സര്‍ക്കാരും ചാരപ്രവര്‍ത്തനം നടത്തി എന്നാണ് തെളിയുന്നത്. തന്‍റെ സഭയിലെ മന്ത്രിമാരെ പോലും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രി ആണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് വ്യക്തമായി കഴിഞ്ഞു. എതിര്‍ അഭിപ്രായമുള്ള വ്യക്തികളുടെ ഫോണ്‍ സര്‍ക്കാര്‍ തന്നെ ചോര്‍ത്തുന്ന ഈ നടപടി ജനാധിപത്യ വിരുദ്ധവും അത്യന്തം കുറ്റകരവുമാണ്. ഉന്നത കുറ്റാന്വേഷണ ഏജന്‍സി വഴി അടിയന്തരമായി ഒരു അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു