15 July, 2021 02:29:37 PM
ഫീസ് അടക്കാത്ത വിദ്യാർത്ഥിക്ക് ഹാൾ ടിക്കറ്റ് നിഷേധിക്കരുത് - കർണാടക വിദ്യാഭ്യാസ മന്ത്രി
ബംഗളൂരു: ഫീസുകൾ അടക്കാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കും എസ് എസ് എൽ സി പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി. ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയതായും പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു. കർണാടക സെക്കൻഡറി എഡ്യുക്കേഷൻ എക്സാമിനേഷൻ ബോർഡുമായി ചേർന്ന് പൊതു നിർദേശക വകുപ്പാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
എസ് എസ് എൽ സി പരീക്ഷ എഴുതുന്നവർക്ക് ഫീസ് നൽകാത്തതുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്നങ്ങളും നേരിടുന്നില്ലെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പു വരുത്തണം എന്നും മന്ത്രി സുരേഷ് കുമാർ വിശദീകരിച്ചു. കെ എസ് ഇ ബി പോർട്ടലിൽ എല്ലാ എസ് എസ് എൽ സി വിദ്യാർത്ഥികളുടെയും ഹാൾടിക്കറ്റുകളും അപ് ലോഡ് ചെയ്തതായും ഓരോ സ്കൂളുകളിലെയും പ്രധാന അധ്യാപകർക്ക് നൽകിയിരിക്കുന്ന ലോഗിൻ കോഡ് ഉപയോഗിച്ച് ഇവ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാമെന്നും പൊതു നിർദേശക വകുപ്പ് കമ്മീഷണർ വി അനുബുകുമാർ ജൂൺ 29ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു.
'വിദ്യർത്ഥികൾക്ക് എസ് എസ് എൽ സി പരീക്ഷക്കുള്ള ഹാൾ ടിക്കറ്റ് ലഭിക്കുന്നില്ല എന്ന പരാതി ഇതുവരെ ഉയർന്നിട്ടില്ല. ബി ഇ ഒയും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പരീക്ഷക്കായി രജിസ്റ്റർ ചെയ്ത എല്ലാ കുട്ടികൾക്കും ഹാൾ ടിക്കറ്റ് ലഭിച്ചെന്ന് ഉറപ്പാക്കണം. പരാതികൾ ഉണ്ടെങ്കിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷാ ബോർഡിനെ സമീപിക്കാവുന്നതാണ്.' - സർക്കുലർ വിശദീകരിക്കുന്നു.
ജൂലൈ 19 മുതൽ 22 വരെ നടത്തുന്ന കർണാടകയിലെ പത്താം തരം പരീക്ഷക്കുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായും മന്തി അറിയിച്ചു. പരീക്ഷ സുഗമമായി നടത്തുന്നതിനുള്ള കാര്യങ്ങൾ ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും വിലയിരുത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കും പരീക്ഷ നടത്തുക.
ഒ എം ആർ രീതിയിലാണ് കർണാടകയിൽ ഇത്തവണ പത്താം തരം പരീക്ഷ നടത്തുന്നത്. കുട്ടികൾ ആദ്യമായി ഈ രീതി ഉപയോഗിക്കുന്നതിനാൽ തന്നെ ഇതിനെ കുറിച്ച് ആവശ്യമായ പരിചയപ്പെടുത്തൽ കുട്ടികൾക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒ എം ആർ ഷീറ്റിലുള്ള പരീക്ഷയായതിനാൽ തന്നെ റെക്കോർഡ് വേഗത്തിൽ ഇത്തവണ ഫലം പ്രഖ്യാപിക്കാനാകും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് കൂട്ടൽ. പരീക്ഷ കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ തന്നെ മൂല്യ നിർണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാനാണ് ആലോചന.
സാധാരണ ഗതിയിൽ 35 ദിവസത്തോളം എടുത്താണ് പത്താം തരം പരീക്ഷയുടെ മൂല്യനിർണ്ണയം നടത്താറ്. ഒ എം ആർ ഷീറ്റ് മെഷീൻ ഉപയോഗിച്ച് മൂല്യ നിർണയം നടത്താനാകും എന്നതാണ് ഫല പ്രഖ്യാപനം വേഗത്തിലാക്കുക. 6000 സെന്ററുകളിലായി രാവിലെ 10.30 മുതൽ 1.30 വരെയാണ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്ത് ഉടനീളം 876581 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. മൾട്ടിപ്പിൾ ചോയ്സ് ഫോർമാറ്റിലാണ് ചോദ്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.