15 July, 2021 02:14:20 PM


കെ എം മാണി 'അഴിമതിക്കാരനല്ല': നിലപാട്​ തിരുത്തിയ സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി



ന്യൂഡൽഹി: നിയമസഭയിൽ പ്രതിഷേധിച്ചത് കെ എം മാണിക്കെതിരെയാണെന്ന നിലപാട് മാറ്റി സംസ്ഥാന സർക്കാർ. പ്രതിഷേധം അന്നത്തെ സർക്കാരിനെതിരെയായിരുന്നുവെന്നും സുപ്രീംകോടതിയിൽ നിലപാടെടുത്തു. എന്നാൽ, വാദിക്കേണ്ടത് പ്രതികൾക്കായല്ലെന്നും എംഎൽഎമാർ പൊതുമുതൽ നശിപ്പിക്കുന്നത് പൊതുതാൽപര്യത്തിന് നിരക്കുന്നതോണോയെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു. എംഎൽഎ സഭയ്ക്കകത്ത് തോക്കുപയോഗിച്ചാൽ നടപടിയേടുക്കേണ്ടതു നിയമസഭയാണോയെന്നും കോടതി ചോദിച്ചു.


സംഭവത്തെ പരിഹസിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ടെന്നും ഇവിടെയാരും ഒന്നും അടിച്ചുതകർക്കാറില്ലെന്നും പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. കേസിൽ വാദം തുടരുകയാണ്. സഭാ സംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റേയും പ്രതികളുടേയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

അതേസമയം, ഭരണപക്ഷവും സംഭവത്തിൽ പ്രതിഷേധിച്ചിരുന്നുവെന്നാണ്​ സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാര്‍ കോടതിയിൽ പറഞ്ഞു. കെ എം മാണിക്കെതിരായിരുന്നു പ്രതിഷേധമെന്ന മുൻ നിലപാടും സർക്കാർ മാറ്റി. അന്ന്​ ഭരണത്തിലുണ്ടായിരുന്ന ഉമ്മൻചാണ്ടി സർക്കാറിനെതിരെയായിരുന്നു പ്രതിഷേധമെന്നാണ്​ സർക്കാറിന്റെ പുതിയ നിലപാട്. ബാർകോഴയിൽ ആരോപണം നേരിട്ട കെ എം മാണിയെ ബജറ്റ്​ അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന്​ പ്രഖ്യാപിച്ചാണ്​ എൽ ഡി എഫ്​ സഭയിൽ പ്രതിഷേധിച്ചത്​.


സഭയിലെ പ്രതിഷേധം പിന്നീട്​ കയ്യാങ്കളിയിലേക്ക്​ നീങ്ങുകയും അന്ന്​ ഭരണത്തിലുണ്ടായിരുന്ന യു ഡി എഫ്​ സർക്കാർ കേസെടുക്കുകയുമായിരുന്നു. അഴിമതിക്കാരനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. 


സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ എം മാണിക്കെതിരെ നടത്തിയ അഴിമതിക്കാരന്‍ എന്ന പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ പരസ്യമായി ഇതിനെ എതിര്‍ത്തിരുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാരിന് അഭിപ്രായമില്ലെന്ന് സിപിഎം നേതാക്കള്‍ വിശദീകരിച്ചതോടെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ അയയുകയായിരുന്നു. എന്നാല്‍ പ്രതിപക്ഷമിത് വലിയ ചര്‍ച്ചയാക്കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K