10 July, 2021 07:02:52 PM
സ്‌കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികതയെക്കുറിച്ച് ചോദിച്ച ബസ് കണ്ടക്ടർക്ക് തടവുശിക്ഷ
മുംബൈ: പതിമൂന്നുകാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികതയെക്കുറിച്ച് എന്തെങ്കിലും അറിയാമോ എന്ന് ചോദിച്ചതിന് ബസ് കണ്ടക്ടർക്ക് ഒരു വർഷം തടവുശിക്ഷ. മുംബൈയിലെ സ്പെഷ്യൽ കോടതിയാണ് ബസ് കണ്ടക്ടറായ ചന്ദ്രകാന്ത് സുഡാം കോലിയെ ഒരു വർഷത്തേക്ക് ശിക്ഷിച്ചത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമത്തിലെ സെക്ഷൻ 12 പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്. കൂടാതെ 15000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
2018 ജൂലൈയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പെൺകുട്ടി എല്ലാ ദിവസവും സ്കൂളിൽ പോകുന്ന സർക്കാർ ബസിലെ കണ്ടക്ടറാണ് കേസിലെ പ്രതി. മുംബൈ നഗരത്തിന്‍റെ കിഴക്കൻ പ്രാന്തപ്രദേശത്താണ് പെൺകുട്ടി താമസിച്ചിരുന്നത്. ഈ പ്രദേശത്തേക്ക് ഒരു ബസ് മാത്രമാണ് സർവീസ് നടത്തിയിരുന്നത്. 2018 ജൂലൈയിൽ പെൺകുട്ടി ബസിൽ കയറിയപ്പോഴാണ് കണ്ടക്ടർ മോശമായി സംസാരിച്ചത്. ഈ സമയം രണ്ടു മൂന്നു പേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്.
ബസിൽ കയറിയ പെൺകുട്ടി പിൻസീറ്റിലാണ് ഇരുന്നത്. ബസ് കണ്ടക്ടർ ടിക്കറ്റ് ചോദിച്ച് വന്നപ്പോൾ പെൺകുട്ടി യാത്രാ പാസ് കാണിച്ചു. ഇതുപ്രകാരം ടിക്കറ്റ് നൽകിയ കണ്ടക്ടർ തിരിച്ചുപോയി. അതിനുശേഷം തിരിച്ചെത്തി പെൺകുട്ടിയുടെ സീറ്റിനരികിൽ ഇരിക്കുകയും ലൈംഗികതയെ കുറിച്ച് എന്തെങ്കിലും അറിയാമോയെന്ന് ചോദിക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങളൊന്നും തനിക്ക് സംസാരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതോടെ കണ്ടക്ടർ വീണ്ടും മുന്നിലേക്ക് പോയി. അൽപ്പ സമയത്തിനുശേഷം വീണ്ടും പെൺകുട്ടിയുടെ അടുത്തെത്തിയ കണ്ടക്ടർ അതേ ചോദ്യം തന്നെ ആവർത്തിച്ചു. ഇതോടെ പെൺകുട്ടി അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയും മറ്റൊരു വാഹനത്തിൽ സ്കൂളിലേക്ക് പോകുകയും ചെയ്തു. സ്കൂളിലെ സുഹൃത്തുക്കളോടും അമ്മയോടും വിവരം പറഞ്ഞു.
തുടർന്ന് പെൺകുട്ടിയുമായി അമ്മ ബസ് ഡിപ്പോയിലെത്തുകയും മോശമായി സംസാരിച്ച കണ്ടക്ടറെ തിരിച്ചറിയുകയും ചെയ്തു. അതിനുശേഷം നെഹ്റു പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സംഭവത്തിൽ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡിലാക്കിയെങ്കിലും 12 ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചു. ഇപ്പോൾ പ്രത്യേക കോടതി കോലിയെ ഒരു വർഷം തടവിന് ശിക്ഷിച്ചു. ഇതേത്തുടർന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ശിക്ഷ താൽക്കാലികമായി നിർത്തിവയ്ക്കാൻ അപേക്ഷ നൽകി. പ്രതിയുടെ അപ്പീൽ സമ്മതിച്ച പ്രത്യേക കോടതി 30 ദിവസത്തേക്ക് ശിക്ഷ നിർത്തിവച്ചു. കേസുമായി ബന്ധപ്പെട്ട് 30 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് പ്രതിയുടെ അഭിഭാഷകൻ അറിയിച്ചു.