09 July, 2021 08:49:13 PM


മുന്‍ഗണനാ റേഷന്‍ കാര്‍ഡ്; അനര്‍ഹരെ ഒഴിവാക്കാന്‍ സജീവ ഇടപെടല്‍ - മന്ത്രി ജി.ആര്‍ അനില്‍



കോട്ടയം: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹര്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഉദ്യോഗസ്ഥരുടെയും പൊതു പ്രവര്‍ത്തകരുടെയും സജീവ ഇടപെടല്‍ വേണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍ദേശിച്ചു. വകുപ്പിന്‍റെ കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥരെ നേരില്‍ കാണുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. 


അര്‍ഹതയുള്ള അനേകം കുടുംബങ്ങള്‍ മുന്‍ഗണനാ കാര്‍ഡിനുവേണ്ടി കാത്തിരിക്കുന്നുണ്ട്. ഒരാള്‍ക്കു പോലും അധികമായി കാര്‍ഡ് നല്‍കാന്‍ കഴിയുന്ന സ്ഥിതിയല്ല. അതുകൊണ്ടുതന്നെയാണ് അനര്‍ഹരെ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അനര്‍ഹര്‍ക്ക് പിഴയോ ശിക്ഷാ നടപടികളോ ഇല്ലാതെ ജൂലൈ 15 വരെ പൊതു വിഭാഗത്തിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കാം. 


ഈ ക്രമീകരണത്തിന് പൊതുവേ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത്  അനര്‍ഹമായി കൈവശം വച്ചിരുന്ന കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് 82000ലധികം അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയില്‍ മാത്രം 4105 പേര്‍ അപേക്ഷ നല്‍കി. ഇനിയും നിരവധി പേര്‍ അപേക്ഷ സമര്‍പ്പിക്കാനുണ്ട്.അവരെ ബോധവത്കരിക്കുന്നതിന് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന ജനപ്രതിനിധികളും മറ്റ് പൊതു പ്രവര്‍ത്തകരും ശ്രമിക്കണം-മന്ത്രി പറഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K