30 June, 2021 06:52:17 PM
'പിണറായി ക്വട്ടേഷന്‍ ടീമിന്‍റെ റോള്‍ മോഡല്‍, കൊടി സുനി ജയിൽ സൂപ്രണ്ട്' - കെ സുധാകരൻ
തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘങ്ങളില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ പുറത്താക്കിയെന്ന് പറയുന്നത് സിപിഎമ്മിന്റെ നാടകമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. സിപിഎം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണെന്നും സുധാകരന്‍ ആരോപിച്ചു. കൊടി സുനിക്കും കിര്‍മാണി മനോജിനുമെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് കൊടി സുനിയാണ്. ജയിലിനുള്ളില്‍ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഇവരുടെ സംഘമാണ്. ആരുടെ തണലിലാണ് കൊടി സുനിക്കെല്ലാം ജയിലിനുള്ളില്‍ ഇത്രയധികം സൗകര്യങ്ങള്‍ ലഭിക്കുന്നതെന്നും സുധാകരന്‍ ചോദിച്ചു. ഇവരുടെയെല്ലാം കൈയില്‍ സിപിഎമ്മിന്റെ ദുഷിച്ചുനാറുന്ന നിരവധി രഹസ്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനുമാണ് ഇവരുടെയെല്ലാം റോള്‍ മോഡല്‍. എങ്ങനെ പണമുണ്ടാക്കണമെന്ന് ഇവരാണ് ഗുണ്ടാസംഘങ്ങള്‍ക്ക് കാണിച്ചുകൊടുക്കുന്നത്. പാര്‍ട്ടിക്കെതിരേ പ്രതികരിക്കേണ്ടി വരുമെന്ന് വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് മറുപടി പറയാന്‍ സിപിഎമ്മിന് ധൈര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.
പാർട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണെന്നും ഐആര്‍പിസിയുടെ മുന്നിണി പോരാളികളാണ് ഇവരെന്നും സുധാകരന്‍ ചൂണ്ടികാട്ടി. 'ഞങ്ങള്‍ക്ക് ഇതൊരു പുത്തരിയല്ല. ഇത് കാലങ്ങളായി കണ്ണൂരില്‍ നടന്നുവരുന്നതാണ്.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കൊടിസുനിയും കിര്‍മാണി മനോജും ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ പോയശേഷം കണ്ണൂര്‍സെന്‍ട്രല്‍ ജയിലിന്റെ അവസ്ഥ പലതവണ നിങ്ങളോട് ഞങ്ങള്‍ പറഞ്ഞതാണ്. മുഖ്യമന്ത്രി ലാഘവത്തോടെ പറയുന്നത് കേട്ടു കുറ്റം ചെയ്തവരെ സംരക്ഷിക്കില്ലായെന്ന്. ഈ പറയുന്ന ആരെയെങ്കിലും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖ്യമന്ത്രിക്ക് ഇത് പറയാന്‍ സാധിക്കുമോ. വെല്ലുവിളിക്കുന്നു. കൊടിസുനിക്കെതിരെയും കിര്‍മാണി മനോജിനെതിരേയും നടപടിയെടുക്കാന്‍ സിപിഎമ്മിന് സാധിക്കുമോ. പാര്‍ട്ടിയും പ്രതികളും പരസ്പര സഹായസഹകരണ സംഘങ്ങളാണ്. ഐആര്‍പിസിയെ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ. ഐആര്‍പിസിയുടെ മുന്നണി പോരാളികളാണ് ഇവര്‍. ജീവകാരുണ്യപ്രവര്‍ത്തനത്തിന്‍റെ മുന്നിലാണ് ഇവര്‍. '- സുധാകരന്‍ പറഞ്ഞു.
'കൊടിസുനിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ മൂക്ക് കൊണ്ട് ക്ഷ വരക്കേണ്ടി വരും നിങ്ങള്‍. പാര്‍ട്ടിയില്‍ ഇല്ലെങ്കില്‍ ജയിലില്‍ ഇത്രയും തണല്‍ ആര് ഒരുക്കും. ജയില്‍ സുപ്രണ്ട് തന്നെ കൊടിസുനിയാണ്. ആകാശ് തില്ലങ്കേരി തടവുകാരന്‍ ആയിരിക്കുമ്പോള്‍ കാമുകിയുമായി സംസാരിക്കാന്‍ പ്രത്യേകം സമയവും മുറിയും വരെ കൊടുത്തിട്ടുണ്ട്. ആരാണ് സഹായിക്കുന്നത്. എന്നിട്ട് നാണമില്ലാതെ പറയും പുറത്താക്കി, പുറത്താക്കിയെന്ന്. ആളുകളുടെ കണ്ണില്‍ പൊടിയിടുകയാണ്. ഡിവൈഎഫ്‌ഐ തള്ളിപറഞ്ഞപ്പോള്‍ ആകാശ് തില്ലങ്കേരി പറഞ്ഞു ഞാന്‍ പ്രതികരിക്കുമെന്ന്. എന്നാല്‍ പ്രതികരണം വന്നോ, ഇല്ല. പോയി കാലുപിടിച്ചു. എണ്ണിപറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. യുവാക്കള്‍ ആര്‍ഭാട ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് പണം ഉണ്ടാക്കാന്‍ സഹായിക്കുന്നത് ഇപി ജയരാജനും പിണറായിയും ഉള്‍പ്പെടുന്നവരാണ്. അവരാണ് റോള്‍ മോഡല്‍.' സുധാകരൻ പറഞ്ഞു.