30 June, 2021 06:36:57 AM
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നു സർവീസിൽനിന്നു വിരമിക്കും
തിരുവന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്നു സർവീസിൽനിന്നു വിരമിക്കും. കേരള പോലീസിനെ കൂടുതൽ ആധുനികവത്കരിച്ച ഡിജിപിയെന്ന ഖ്യാതിയോടെയാണു പോലീസ് മേധാവിയായുള്ള അഞ്ചു വർഷത്തെ സർവീസിനു ശേഷം ബെഹ്റ വിരമിക്കുന്നത്. ഡിജിപി പദവിയിലുള്ള സംസ്ഥാന പോലീസ് മേധാവി, ഫയർഫോഴ്സ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി തുടങ്ങി നാലു തസ്തികകളിലും സേവനമനുഷ്ഠിച്ച ഏക വ്യക്തിയെന്ന വിശേഷണവും ലോക്നാഥ് ബെഹ്റയ്ക്കു സ്വന്തം.
പൊതുവേ സൗമ്യനാണെങ്കിലും പോലീസ് സേനയെ നവീകരിക്കുന്നതിൽ വലിയ കാർക്കശ്യക്കാരനായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ. കേസന്വേഷണം ഉൾപ്പെടെ സംസ്ഥാന പോലീസിൽ ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്.
1961 ജൂണ് 17ന് ഒഡീഷയിലെ ബെറംപൂരിലാണ് അദ്ദേഹം ജനിച്ചത്. ഉത്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1984 ൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദം നേടി. 1985 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവീസിൽ കേരള കേഡറിൽ പ്രവേശിച്ചു. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ)യിൽ അഞ്ചു വർഷവും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സിബിഐ) 11 വർഷവും പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ എസ്പി, ഡിഐജി റാങ്കുകളിലാണ് സിബിഐയിൽ ജോലി നോക്കിയത്. ശാസ്ത്രീയ കുറ്റാന്വേഷണ രീതികൾ ഉപയോഗിച്ച് അന്വേഷണം നടത്തുന്നതിൽ വിദഗ്ധൻ കൂടിയാണു ലോക്നാഥ് ബെഹ്റ.
രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും അന്വേഷിക്കുന്നതിനായി 2009 ൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) നിലവിൽ വന്ന വർഷംതന്നെ എൻഐഎയിൽ ചേർന്നു. ഏജൻസിയുടെ പ്രവർത്തനരീതിയും അന്വേഷണത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളും സംബന്ധിച്ച നിയമാവലിയുടെ കരട് രൂപം തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ആലപ്പുഴയിൽ എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, 2016 ജൂണ് ഒന്നു മുതൽ 2017 മേയ് ആറു വരെയും 2017 ജൂണ് 30 മുതൽ 2021 ജൂണ് 30 വരെയുമാണ് സംസ്ഥാന പോലീസ് മേധാവിയായി പ്രവർത്തിച്ചത്. വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയിട്ടുണ്ട്. സൈബർ ക്രൈം അന്വേഷണ മേഖലയിലെ കഴിവ് മാനിച്ച് ഡാറ്റാ സെക്യൂരിറ്റി കൗണ്സിൽ ഓഫ് ഇന്ത്യ, നാസ്കോം എന്നിവ ചേർന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.
പരേതരായ അർജുൻ ബെഹ്റ, നിലാന്ദ്രി ബെഹ്റ എന്നിവരാണ് മാതാപിതാക്കൾ. മധുമിത ബെഹ്റ ഭാര്യയും അനിതെജ് നയൻ ഗോപാൽ മകനുമാണ്. പേരൂർക്കട എസ്എപി മൈതാനത്ത് ഇന്നു രാവിലെ എട്ടുമണിക്കാണു വിടവാങ്ങൽ പരേഡ്.