25 June, 2021 03:04:15 PM
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ സ്ഥാനം രാജിവച്ചു. സ്വകാര്യ വാർത്താ ചാനലിന്റെ പരാതി പരിഹാര പരിപാടിയിൽ വിളിച്ച പെണ്‍കുട്ടിയോട് മോശമായി സംസാരിച്ച സംഭവം വിവാദമായതാണ് രാജിക്ക് കാരണമായിരിക്കുന്നത്. കാലാവധി തീരാൻ എട്ട് മാസം കൂടി ശേഷിക്കേയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ വനിതാ നേതാവിന്റെ പടിയിറക്കം.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് ജോസഫൈനെതിരേ ഉയർന്നത്. വിവാദത്തിൽ സിപിഎം പൂർണമായും ജോസഫൈനെ കൈവിടുകയും ചെയ്തു. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷവിമർശനമാണ് ജോസഫൈനെതിരേ ഉയർന്നത്.
പാർട്ടിക്ക് വലിയ നാണക്കേടാണ് വനിതാ കമ്മീഷൻ അധ്യക്ഷ ഉണ്ടാക്കിയതെന്ന പൊതുവികാരമാണ് നേതാക്കൾ ഉയർത്തിയത്. സെക്രട്ടറിയേറ്റ് ജോസഫൈനോട് രാജി ആവശ്യപ്പെടുകയും ചെയ്തു.
പരാതി പറയാൻ വിളിച്ച എറണാകുളം ജില്ലക്കാരിയായ പെണ്‍കുട്ടിയോട് "എന്നാൽ അനുഭവിച്ചോ' എന്ന ജോസഫൈന്റെ പരാമർശമാണ് വിവാദമായത്. വളരെ മോശമായാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും മുൻപും ജോസഫൈൻ ഇത്തരം വിവാദ പ്രസ്താവനകൾ നടത്തിയെന്നും സിപിഎം നേതൃയോഗം വിലയിരുത്തി. യോഗത്തിൽ ഒരാൾപോലും ജോസഫൈനെ അനുകൂലിച്ച് സംസാരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
പൊതുസമൂഹത്തിലും സൈബർ ഇടങ്ങളിലും വലിയ വിമർശനമാണ് ജോസഫൈനെതിരേ ഉയർന്നത്. ഇടത് അനുകൂല സാംസ്കാരിക നേതാക്കൾ പോലും ജോസഫൈനെ സർക്കാർ പുറത്താക്കണമെന്ന് പരസ്യമായ ആവശ്യപ്പെടുകയും ചെയ്തിരുന്നു.