23 June, 2021 11:13:39 PM


രാഷ്ട്രീയം പഠിക്കാൻ കെപിസിസി പൊളിറ്റിക്കൽ സ്കൂൾ തുടങ്ങും - കെ സുധാകരൻ



തിരുവനന്തപുരം: കെപിസിസിക്ക് പൊളിറ്റിക്കല്‍ സ്‌കൂള്‍ തുടങ്ങുമെന്ന് അധ്യക്ഷൻ കെ. സുധാകരന്‍ എം പി അറിയിച്ചു. ഇന്നു ചേർന്ന രാഷ്ട്രീയകാര്യസമിതി യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. മീഡിയാ കമ്മിറ്റിയും ചാനല്‍ ചര്‍ച്ചയ്ക്ക് നിയോഗിക്കാനുള്ള ഭാരവാഹികളുടെ പാനലും രൂപീകരിക്കും. പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി നടത്താന്‍ രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു.


കെപിസിസി,ഡിസിസി ജംമ്പോ കമ്മറ്റികള്‍ പിരിച്ചുവിട്ട് പുന:സംഘടിപ്പിക്കും.പുതിയ ഭാരവാഹികളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കും.23 ഭാരവാഹികളടക്കം കെപിസിസി എക്‌സിക്യൂട്ടിവില്‍ 51 പേരുണ്ടായിരിക്കും.മൂന്ന് വൈസ് പ്രസിഡന്റുമാര്‍,15 ജന.സെക്രട്ടറിമാര്‍, ഒരു ട്രഷറര്‍ എന്നിവരെ കൂടാതെ കെപിസിസി സെക്രട്ടറിമാരും ഉണ്ടായിരിക്കും.


ഭാരവാഹികളില്‍ പത്തുശതമാനം പേര്‍ സ്ത്രീകളും പത്തുശതമാനം പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗവുമായിരിക്കും. സംസ്ഥാന ജില്ലാതലങ്ങളില്‍ അച്ചടക്ക സമതിയും അപ്പീല്‍ സമതിയും ഉണ്ടാകും.കെപിസിസിയുടെ അതേ മാതൃകയിലാണ് ഡിസിസികള്‍ പുന:സംഘടിപ്പിക്കുന്നത്. ചെറിയ ജില്ലകളായ കാസര്‍ഗോഡ്,വയനാട്,പത്തനംതിട്ട,ഇടുക്കി എന്നീ ഡിസിസികള്‍ക്ക് ഭാരവാഹികള്‍ കുറവായിരിക്കും.


ബ്ലോക്ക് കമ്മറ്റികള്‍ക്ക് മുകളില്‍ നിയോജക മണ്ഡലം കമ്മറ്റി ഉണ്ടാകും.കെപിസിസി മുതല്‍ ബൂത്ത് തലംവരെയുള്ള നിലവിലെ കമ്മറ്റിക്ക് പുറമെ വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം(മൈക്രോലെവല്‍ കമ്മറ്റി) രൂപീകരിക്കും.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിടി തോമസ്,ടി സിദ്ദിഖ് എന്നിവരെ രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്‍പ്പെടുത്തി.

കെ. സുധാകരന്‍ കെ പി സി സി പ്രസിഡന്റായ ശേഷം ചേരുന്ന കെ  പി സി സിയുടെ ആദ്യ രാഷ്ട്രീയകാര്യ സമിതിയോഗമായിരുന്നു ഇന്നത്തേത്. കെ പി സി സി, ഡി സി സി പുനഃസംഘടനയ്ക്കായി മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നതായിരുന്നു രാഷ്ട്രീയകാര്യ സമിതിയിലെ മുഖ്യ ചര്‍ച്ചാ വിഷയം. നിയമസഭാ തെരഞ്ഞെടുപ്പില്‍ അടക്കം പരാജയപ്പെട്ടവരെ കെ പി സി സി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തണോ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ ഡി സി സി ഭാരവാഹികളായി പരിഗണിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തു.


പാർട്ടിക്കുള്ളിൽ അച്ചടക്ക ലംഘനം ഒരുതരത്തിലും വച്ചുപൊറുപ്പിക്കില്ലെന്നും പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെല്ലാം സൗഹാര്‍ദപരമായി പരിഹരിക്കുമെന്നും സുധാകരന്‍ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേര്‍ത്തു. ഭാരവാഹികളെ മറ്റൊന്നിന്റെയും അടിസ്ഥാനത്തിലല്ലാതെ മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കുക. ഭാരവാഹികളെല്ലാം മുഴുവന്‍ സമയ പ്രവര്‍ത്തകരായിരിക്കണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ആറുമാസം വിലയിരുത്തിയ ശേഷം മോശമാണെങ്കില്‍ മാറ്റുമെന്നും സുധാകരന്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K