18 June, 2021 09:23:12 PM


'എന്നെ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': സുധാകരന് മറുപടിയുമായി പിണറായി



തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ വച്ച് തന്നെ ചവിട്ടിയിട്ടെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ തല്ലിയെന്നും ചവിട്ടിയെന്നും സുധാകരൻ പറയുന്നത് സ്വപ്നത്തിലാവും. ബ്രണ്ണൻ കോളേജിൽ എന്താണ് നടന്നതെന്ന് അറിയാവുന്ന നിരവധി പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാൻ പറ്റുന്നത്. എന്ത് ആവശ്യത്തിനാണ് ഇതെല്ലാം പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.


"അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണേണ്ടത് തടയേണ്ട ആൾ ഞാനല്ലല്ലോ. അതൊരു സ്വപ്നാടനത്തിന്‍റെ ഭാ​ഗം മാത്രമാണ് ആ പറയുന്ന കാര്യങ്ങൾ. അന്നത്തെ ഞാനും ആ കാലത്തെ കെ.സുധാകരനും. അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അതു യഥാ‍ർത്ഥ്യമായാൽ അല്ലേ അങ്ങനെ പറയാനാവൂ. എതി‍ർപക്ഷത്തുള്ള ആളെന്ന നിലയിൽ എന്നോട് അദ്ദേഹത്തിന് വിരോധമുണ്ടായി കാണും. അന്ന് അദ്ദേഹം ഈ സുധാകരനല്ല വിദ്യാർത്ഥിയായ സുധാകരനല്ലേ. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കിൽ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസ്സിൽ കണ്ടിട്ടുണ്ടാവും."- മുഖ്യമന്ത്രി പറഞ്ഞു.


"നേരത്തെ നിങ്ങൾ എന്നോട് ചോദിച്ചിരുന്നു. സുധാകരനെ നന്നായി അറിയാമല്ലോ, എന്താണ് അദ്ദേഹം കെപിസിസി അധ്യക്ഷനായതിനെപ്പറ്റി പറയാനുള്ളതെന്ന്. ഞാൻ അന്ന് പറഞ്ഞ മറുപടി നിങ്ങൾ ഓർക്കുന്നുണ്ടാവും... ആ പാർട്ടിയാണത് തീരുമാനിക്കേണ്ടത്. ആ പാർട്ടിക്ക് അദ്ദേഹമാണ് കെപിസിസി അധ്യക്ഷനാവേണ്ടത് എന്ന് തോന്നിയാൽ ഞാനെന്ത് പറയാനാണ്. അതെനിക്ക് സുധാകരനെ അറിയാഞ്ഞിട്ടല്ല. ഞാൻ എന്തിനാണ് വേണ്ടാത്ത കാര്യം വിളിച്ചു പറയേണ്ടത് എന്നതിനാൽ മാത്രമാണ് വേറൊന്നും പറയാഞ്ഞത്."


"ഈ പറയുന്ന സംഭവം നടക്കുന്ന കാലത്ത് കെ.എസ്.എഫിന്‍റെ ഒരു സംസ്ഥാനഭാരവാഹിയാണ് ഞാൻ. അന്നൊരു ദിവസം സംഘടന ക്ലാസ് ബഹിഷ്കരണം ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയുണ്ട്. ആ പരീക്ഷ എഴുതേണ്ടയാളാണ് ഞാൻ. നേരത്തെ ഇങ്ങനെയൊരു പരീക്ഷ ബഹിഷ്കരണം ആഹ്വാനം ചെയ്ത കെ.എസ്.യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. പോയി പരീക്ഷ എഴുതിയ സംഭവം അന്നുണ്ടായിരുന്നു. ആ നടപടിയെ വിമർശിച്ചയാളാണ് ഞാൻ. അതിനാൽ എന്‍റെ പരീക്ഷ എഴുതേണ്ട എന്ന് ഞാൻ തീരുമാനിച്ചു."


"പക്ഷേ പരീക്ഷാദിവസം കോളേജിൽ വരാതിരുന്നതിനാൽ അസുഖമായിട്ട് എഴുതിയില്ല എന്നും വരാം. അതിനാൽ ഞാൻ അന്നേ ദിവസം കോളേജിൽ പോയിട്ടും പരീക്ഷയിൽ നിന്നും വിട്ടു നിന്നു. പരീക്ഷയ്ക്ക് എതിരായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്എഫും അതിനെ തടഞ്ഞ കെ.എസ്.യുവും തമ്മിൽ സംഘ‍ർഷമാണ്. അപ്പോഴാണ് വല്ലാത്ത സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. അന്ന് സുധാകരൻ ആ കൂട്ടത്തിലുണ്ട്. അയാളെ എനിക്ക് അതിനു മുൻപ് അറിയില്ല. ഞാൻ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതാനായാണ് വന്നതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് തിരിച്ചു ചെല്ലുമ്പോൾ എനിക്ക് ആ പരിമിതിയുണ്ട്."


"എന്‍റെ മനസിൽ ഈ സംഘ‍ർഷത്തിൽ കോളേജ് വിട്ടയാളായ ഞാൻ ഇടപെടാൻ പാടില്ല എന്നാണ്. പക്ഷേ സം​ഗതി കൈവിട്ടു പോയി. സംഘർഷം മൂർച്ചിച്ഛപ്പോൾ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷൻ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല പകരം ശക്തമായി കൈ രണ്ടും കൂട്ടിയടിച്ചു. ഒരു സംഘ‍ർഷ സ്ഥലത്ത് വച്ചുണ്ടാവുന്ന ശബ്ദമാണ് എന്നോർക്കണം. അന്നേരം ഈ വിദ്യാ‍ർത്ഥി നേതാവിന്‍റെ ​ഗുരുവും എന്‍റെ സുഹൃത്തുമായ ബാലൻ ഓടിയെത്തി. അയ്യോ വിജയാ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞാണ് ബാലൻ വന്നത്. അയാളെന്നെ പിടിച്ചു. പിടിച്ചു കൊണ്ടു പോടാ, ആരാ ഇവൻ? എന്നു ഞാൻ ബാലനോട് ചോദിച്ചു. അന്നേരം അവിടെ ഉണ്ടായിരുന്നവർ ഈ ചെറുപ്പക്കാരനെ പിടിച്ചു കൊണ്ടു പോയി. ഇതാണ് സംഭവിച്ചത്. സുധാകരൻ ഇപ്പോൾ മനസിലാക്കിക്കോ, അന്ന് അവിടെ അതു നിന്നത് ബ്രണ്ണൻ കോളേജ് വിട്ട ശേഷം അവിടെ പരീക്ഷ എഴുതാൻ വന്നയാളായിരുന്നു ഞാൻ എന്നത് കൊണ്ട് മാത്രമാണ്. ബാക്കിയെല്ലാം അദ്ദേഹത്തിന്‍റെ മനസിന്‍റെ കണക്കുകൂട്ടലാണ്. പിന്നെ മറ്റൊരു കാര്യം. ഏതോ ഒരു ഫ്രാൻസിസിന്‍റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാൻസിസ് കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്."


"ഞാൻ ആൽത്തറയിൽ വച്ച് പ്രസംഗിക്കുമ്പോൾ ഫ്രാൻസിസിനെക്കുറിച്ചു പറഞ്ഞു. അപ്പോൾ ഫ്രാൻസിസ് വേദിയിലേക്ക് കേറി മൈക്ക് എടുത്ത് എന്‍റെ തലയ്ക്ക് അടിച്ചു. ഞാൻ മാറിയത് കൊണ്ട് രക്ഷപ്പെട്ടു. അപ്പോൾ ഇവരെല്ലാം കൂടി വന്ന് എന്നെ അടിച്ചു വീഴ്ത്തി എന്നാണ് കഥ. ഇതും അദ്ദേഹത്തിന്‍റെ മോ​ഹമാവും. ഞാൻ കോളേജ് വിടും വരെ ഫ്രാൻസിസ് എന്നൊരാൾ അവിടെയില്ല. എന്‍റെ ശരീരത്തിൽ തൊടണമെന്ന് ആഗ്രഹിക്കുന്ന പല ആൾക്കാരും അവിടെയുണ്ടായിട്ടുണ്ടാവും. പക്ഷേ ആരും എന്‍റെ അടുത്തേക്ക് വന്നിട്ടില്ല. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ."


"കളരി പഠിച്ചിട്ടല്ല, ഞാൻ എന്‍റെ പ്രസ്ഥാനത്തിന്‍റെ ഭാ​ഗമായിട്ടാണ് എല്ലാക്കാലത്തും ഞാൻ നിന്നത്. ബ്രണ്ണൻ കോളേജിൽ കെഎസ്,യുവിന് മൃ​ഗീയ ആധിപത്യമുള്ള കാലത്താണ് ഞാൻ അവിടെ ചെന്നത്. എന്തിനും പോന്ന ഒരു വലിയ നിര അന്നവിടെ ഉണ്ടായിരുന്നു. സുധാകരനേക്കാൾ തടിമിടുക്കുള്ളവ‍ർ അവിടെയുണ്ടായിരുന്നു. അവരുടെയൊക്കെ മുന്നിൽ കൂടിയാണ് ഞാൻ പ്രവർത്തിച്ചു വന്നത്."


"ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ സുധാകരനെപ്പറ്റി അയാളുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും പറഞ്ഞത് എന്താ? അതിലാണ് പി.രാമകൃഷ്ണനെ ഓർക്കേണ്ടത്. അദ്ദേഹം കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. കണ്ണൂരിലെ പ്രമുഖ നേതാവായിരുന്നു. അദ്ദേഹം സുധാകരനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇതാണ് പണമുണ്ടാക്കാൻ വേണ്ടിയാണ് സുധാകരൻ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്. പലരേയും കൊന്ന് പണമുണ്ടാക്കി. ക്വാറിയും മണൽ മാഫിയയും നടത്തി. വിദേശകറൻസി ഇടപാടും, ബ്ലേഡ് കമ്പനികളുമുണ്ട്. മണൽ മാഫിയയുമായും സുധാകരന് ബന്ധമുണ്ട് . രാഷ്ട്രീയത്തിന് പറ്റിയ ആളല്ല സുധാകരൻ. എല്ലാവർക്കും അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്ക് വേണ്ടി പിരിച്ച പണം അയാൾ കൈക്കലാക്കുന്നു. അലഞ്ഞു നടന്നു വന്ന റാസ്കല്ലാണ് സുധാകരൻ, ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞു നോക്കാത്ത പ്രദേശങ്ങൾ കണ്ണൂരിലുണ്ട്. സുധാകരൻ വന്ന ശേഷമാണ് കാസർകോട്, കണ്ണൂർ, വടകര മേഖലകളിൽ വലിയ തോൽവിയുണ്ടായത് - ഇതൊന്നും ഞാനോ സിപിഎമ്മുകാരോ പറഞ്ഞതല്ല സുധാകരനെ അറിയുന്ന നേതാക്കൾ പറയുന്നതാണ്."


"സുധാകരന്‍റെ സുഹൃത്ത് രാവിലെ എന്‍റെ വീട്ടിലെത്തി. സുധാകരന്‍റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അയാള്‍. നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരന്‍ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള പരിപാടിയാണുള്ളത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്‍റെ  ഭാര്യയോട് പോലും പറയാനാവില്ല.  അവള്‍ക്ക് മനസ്സമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയില്‍ പിടിച്ച് സ്‌കൂളില്‍ പോകുന്ന കാലമാണ്. ആരോടും ഞാന്‍ പറയാന്‍ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്‍റെ അനുഭവമാണ്' മുഖ്യമന്ത്രി പറഞ്ഞു.


അദ്ദേഹം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട് ബിജെപിയുമായി യോജിച്ച് പോകാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ പോകുമെന്ന്. ഇപ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K