18 June, 2021 04:07:26 PM
പൂട്ടഴിച്ചപ്പോൾ കേരളം പൂസായി; ഒറ്റ ദിവസം കുടിച്ചത് 51കോടിയുടെ മദ്യം; ഇനിയും പൂട്ട് വീഴുമോ?
തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവിനെത്തുടർന്നു മദ്യശാലകൾ തുറന്ന ബുധനാഴ്ച റിക്കോർഡ് വിൽപ്പന. ബുധനാഴ്ച തുറന്ന 225 ബവ്റിജസ് ഔട്ട്ലെറ്റുകളിലൂടെ മാത്രം 51 കോടി രൂപയുടെ മദ്യമാണ് വിറ്റത്. സാധാരണ ദിവസങ്ങളിൽ 49 കോടി രൂപയുടെ കച്ചവടമാണ് നടക്കുന്നത്. താമസിയാതെ തന്നെ കേരളത്തിൽ വീണ്ടും പൂട്ട് വീഴുമോ എന്ന സംശയമാണ് മദ്യഷോപ്പുകളിലെ തിരക്ക് കണ്ടവർക്ക് അനുഭവപ്പെട്ടത്. സാമൂഹിക അകലം ഒട്ടും പാലിക്കാതെയായിരുന്നു എല്ലായിടത്തും മദ്യത്തിനുള്ള ക്യു.
ടെസ്റ്റ് പോസിറ്റിവിറ്റി (ടിപിആർ) 20 ശതമാനത്തിൽ കൂടുതലുള്ള സ്ഥലങ്ങളിലെ 40 ഷോപ്പുകൾ തുറന്നിരുന്നില്ല. കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളില് എട്ട് കോടിയുടെ മദൃവിൽപന ഇന്നലെ നടന്നു. ഏറ്റവുമധികം മദ്യം വിറ്റത് പാലക്കാട് തേങ്കുറിശിയിലാണ്. 68 ലക്ഷം രൂപയുടെ മദ്യമാണ് തേങ്കുറിശിയിൽ വിറ്റത്. തിരുവനന്തപുരം പവർ ഹൗസ് റോഡ് ഔട്ട്ലെറ്റില് 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യവും വിറ്റു.