14 June, 2021 11:45:24 AM
പ്രതികളുടെ വൈദ്യ പരിശോധന; ആരോഗ്യവകുപ്പ് സർക്കുലറിനെതിരെ പോലീസ് സംഘടനകൾ
തിരുവനന്തപുരം: പ്രതികളെ തടവിന് മുൻപ് വിശദ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആരോഗ്യവകുപ്പ് സർക്കുലറിനെതിരെ പോലീസ് സംഘടനകൾ. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. പ്രായോഗികമല്ലാത്ത സർക്കുലറെന്ന് സംഘടന പ്രതിനിധികൾ പറഞ്ഞു. നിർദേശിക്കുന്ന പരിശോധനകൾ സർക്കാർ ആശുപത്രിയിൽ ഇല്ലെന്നാണ് പരാതി. സ്വകാര്യലാബുകളിൽ പരിശോധിക്കാനുള്ള പണമില്ലെന്നും പോലീസുകാർ പറയുന്നു.
സംസ്ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്റ്റീസ് നാരായണക്കുറുപ്പ് കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പും ജയിൽ വകുപ്പുമാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. അടിവയറിലെ അൾട്രാസൗണ്ട് സ്കാനിംഗ്, സിപികെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ലോബിൻ, സിആർപി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടത്.