12 June, 2021 01:34:06 PM
തിരുവനന്തപുരം - കാസർകോട് അതിവേഗ റെയിൽപാത കടന്നുപോകുന്ന വഴികള്‍
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെ സിൽവർലൈൻ വേഗ റെയിൽപാതയ്ക്കായി ഉടൻ ഭൂമി ഏറ്റെടുക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിലെ വീട്, കെട്ടിടം, മരങ്ങൾ എന്നിവയ്ക്ക് മൂല്യത്തിന്‍റെ ഇരട്ടി നഷ്ടപരിഹാരം നൽകും. 15 മുതൽ 25 മീറ്റർ വരെ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുക.
നിർദിഷ്ടപാത ഏതുവഴിയാണ് കടന്നുപോകുന്നതെന്ന് ഇപ്പോൾ അറിയാൻ കഴിയും. keralarail.com എന്ന സൈറ്റിലാണ് പാതയുടെ വിവരങ്ങളുള്ളത്. ഈ സൈറ്റിൽ രൂപരേഖയുടെ മാപ്പ് പരിശോധിക്കാം. കൂടാതെ ഇവിടെ ക്ലിക് ചെയ്താൽ ഗൂഗിൾ സ്മാർട്ഫോണിലേക്ക് മാപ്പ് എത്തിക്കാം. ഓരോ പ്രദേശവും ഗൂഗിൾ മാപ്പിൽ സെർച് ബട്ടണിൽ ടൈപ്പ് ചെയ്തു നൽകി പരിശോധിക്കാനും സാധിക്കും.
11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. തിരുവനന്തപുരത്തുനിന്ന് 530.6 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്. കാക്കനാട് സ്റ്റേഷന് പുറമെ കൊച്ചി വിമാനത്താവളത്തില്‍ പുതിയ സ്‌റ്റേഷനുണ്ടാകുമെന്നാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അറിയിച്ചത്. തിരക്കേറിയ തിരുവനന്തപുരം- എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറാണ്.
ഒൻപതു കോച്ചുകള്‍ വീതമുള്ള ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ആണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാന്‍ഡേര്‍ഡ് ക്ലാസും ഉള്‍പ്പെടുന്ന ഒരു ട്രെയിനില്‍ 675 പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.